Advertisment

ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചു; തര്‍ക്കം, ആക്രമണം, യുവാവിനെ തല്ലിക്കൊന്നു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

murder news

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലും കൈയ്യാങ്കളിയിലും യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് ലിയാഖത്ത് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. റെസ്‌റ്റോറന്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാരാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

Advertisment

ഹൈദരാബാദിലെ പഞ്ചഗുട്ടയിലെ മെറിയന്‍ ബിരിയാണി റസ്‌റ്റോറന്റിലാണ് സംഭവം. മദ്യലഹരിയില്‍ റസ്‌റ്റോറന്റിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ബിരിയാണി ഓര്‍ഡര്‍ ചെയ്യുകയും മുഹമ്മദ് ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെടുകയുമായിരുന്നു. 

എന്നാല്‍, ജീവനക്കാര്‍ തൈര് നല്‍കാന്‍ തയാറായില്ല. ഇവരുമായി മുഹമ്മദും കൂട്ടരും തര്‍ക്കമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി മുഹമ്മദിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പോലീസ് സ്‌റ്റേഷനില്‍വച്ച് മുഹമ്മദിന് ശ്വാസംമുട്ടുണ്ടാകുകയും ആശുപത്രിയിലേക്കു പോകുംവഴി മരിക്കുകയുമായിരുന്നു. 

സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തെന്നും സംഘര്‍ഷം തടയാന്‍ സാധിക്കാത്ത രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. 

 

Advertisment