ഭോപ്പാല്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പ്രചാരണ ഗാനം ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രചാരണ ഗാനം കോപ്പിയടിച്ചെന്ന് ബിജെപിയും കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്തുന്നു.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോണ്‍ഗ്രസ് നടത്തുന്ന ജന്‍ ആക്രോശ് യാത്രയുടെ ഗാനം ഇമ്രാന്റെ പാര്‍ട്ടിയുടെ ഗാനം കോപ്പിയടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ചലോ ചലോ ഇമ്രാന്‍ കേ സാഥ് എന്ന ഗാനമാണ്, കോപ്പിയടിച്ച് ചലോ ചലോ കോണ്‍ഗ്രസ് കേ സംഘ് ചലോ ചലോ എന്നാക്കിയതെന്ന് മധ്യപ്രദേശ് ബിജെപി യൂണിറ്റ് സെക്രട്ടറി രാഹുല്‍ കോത്താരി ആരോപിച്ചു.
ഇമ്രാന്റെ പാര്‍ട്ടിയുടെ തീം സോംഗും, കോണ്‍ഗ്രസിന്റെ പ്രചാരണ ഗാനവും സംസ്ഥാന ബിജെപി നേതൃത്വം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്ഥാന് അനുകൂലമായും ഹിന്ദുസ്ഥാന് എതിരായും മുദ്രാവാക്യം ഉയര്‍ത്തുന്നവരെ കോണ്‍ഗ്രസ് അംഗീകരിക്കുന്നു. ഇപ്പോള്‍ പാകിസ്ഥാനിലെ ഗാനവും മധ്യപ്രദേശിലെ കോണ്‍ഗ്രസ് കടംകൊണ്ടിരിക്കുന്നതായി ബിജെപി ആരോപിച്ചു.
മോഷ്ടിക്കുന്നത് കോണ്‍ഗ്രസിന്റെ പണ്ടു മുതലേയുള്ള ശീലമാണ്. കോണ്‍ഗ്രസിന്റെ പതാക അടുത്തുതന്നെ പൂര്‍ണമായും പച്ചയായി മാറുമെന്നും രാഹുല്‍ കോത്താരി പറഞ്ഞു. ജന്‍ ആക്രോശ് യാത്രയുടെ പോസ്റ്ററുകളില്‍ നിന്നും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിനെ ഒഴിവാക്കിയെന്നും രാഹുല്‍ കോത്താരി കുറ്റപ്പെടുത്തി.
ബിജെപിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പാകിസ്ഥാന്റെ ചങ്ങാതിമാരാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ഗാനത്തിനെതിരെ രംഗത്തു വന്നിട്ടുള്ളതെന്ന് സംസ്ഥാന കോണ്‍ഗ്രസ് മീഡിയ ചെയര്‍മാന്‍ കെ കെ മിശ്ര അഭിപ്രായപ്പെട്ടു. സൈനികരുടെ മരണം തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ്, ഗാനത്തിനെതിരെ രംഗത്തിറങ്ങുന്നതെന്നും മിശ്ര പറഞ്ഞു.
ക്ഷണം ഒന്നുമില്ലാതെ പാകിസ്ഥാനില്‍ പോയ കാര്യവും, കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതുമെല്ലാം ബിജെപി മറന്നുപോയോ എന്നും മിശ്ര ചോദിച്ചു.
അതേസമയം, രാജസ്ഥാനിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രതാരണത്തിന് ഇമ്രാന്റെ പാര്‍ട്ടിയുടെ തീം സോംഗാണ് മോഷ്ടിച്ചതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബേലെ പറഞ്ഞു.
ഒരു നാണവുമില്ലാതെ മോഷണം നടത്തുകയാണ് ബിജെപിയുടെ ശീലമെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് പാക് തീം സോംഗ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 19 മുതലാണ് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് യാത്ര ആരംഭിക്കുന്നത്. നവംബറില്‍ മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്.