/sathyam/media/media_files/tKgQN5CL1GHb7gFr2Yab.jpg)
നൂഡൽഹി: അടുത്ത ദിവസങ്ങളിലെ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് നിരീക്ഷിച്ച ശേഷം മാത്രമേ കൃത്രിമ മഴയേക്കുറിച്ചും ഒറ്റ ഇരട്ട പദ്ധതിയെക്കുറിച്ചും തീരുമാനമെടുക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ഇന്നും തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശമായി തന്നെയാണ് തുടരുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിന് ശേഷം നഗരത്തിലെ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
‘ഞങ്ങൾ ഇപ്പോൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നാളെ ശാസ്ത്രജ്ഞരുമായും മറ്റ് വകുപ്പുകളുമായുംചർച്ച നടത്തും. എക്യുഐ തോത് ഇനിയും മോശമായാൽ ഒറ്റ-ഇരട്ട പോലുള്ള കർശന നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കും’- മന്ത്രി പറഞ്ഞു. നവംബർ 13 മുതൽ ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കേണ്ടതായിരുന്നു.
ഒറ്റ-ഇരട്ട പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. നേരത്തെ, നവംബർ 20ന് മുമ്പ് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ നഗരത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഗോപാൽ റായ് ഐഐടി-കാൻപൂർ ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യുന്നതിന്റെ മുഴുവൻ ചെലവും ഡൽഹി സർക്കാർ വഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.