ജയ്‌പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൊലപാതകം; പ്രതി ചേതന്‍ സിംഗിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

ട്രെയിനിനുള്ളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും കുറ്റപ്പത്രം തയ്യാറാക്കാന്‍ സഹായിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
chetan singh rpf

മഹാരാഷ്ട്രയില്‍ ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിനെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം ചെയ്യുമ്പോള്‍ ചേതന്‍ സിംഗ് പൂര്‍ണ്ണമായും ബോധവാനായിരുന്നുവെന്ന് സര്‍ക്കാര്‍ റെയില്‍വേ പോലീസ് (ജിആര്‍പി) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. താന്‍ എന്താണ് ചെയ്യുന്നതെന്ന് സിംഗിന് അറിയാമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

150-ലധികം സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കിയാണ് 1000ത്തിലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ സെക്ഷന്‍ 164 പ്രകാരം ബോറിവലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ജിആര്‍പി ഉദ്യോഗസ്ഥര്‍ അത്തരത്തിലുള്ള മൂന്ന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും എഎന്‍ഐ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

ട്രെയിനിനുള്ളില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും കുറ്റപ്പത്രം തയ്യാറാക്കാന്‍ സഹായിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചേതന്‍ സിംഗ് കംപാര്‍ട്ട്മെന്റുകള്‍ക്കിടയില്‍ നീങ്ങുന്നതും ഇരകളെ തിരയുന്നതും ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കൊലപാതകങ്ങളെകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ആര്‍പിഎഫിന്റെ ജിടെറല്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചതായി പശ്ചിമ റെയില്‍വേയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ സഹകരിക്കാന്‍ വിസമ്മതിക്കുകയാണെന്നും വെടിവെപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കുന്നതെന്നും സിംഗിനെ നേരത്തെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കൂടാതെ പോലീസ് കസ്റ്റഡിയിലിരിക്കെ സിംഗ് മുദ്രാവാക്യം മുഴക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കൊലപാതകം നടന്ന് 24 മണിക്കൂറിലേറെ തന്റെ കക്ഷിക്ക് ഭക്ഷണം നിഷേധിച്ചതായി സിംഗിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. ജൂലൈ 31ന് മുതിര്‍ന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേരെയാണ് ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. 

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ടീക്കാറാം, മറ്റ് യാത്രക്കാരായ അബ്ദുള്‍ കാദര്‍ഭായ് മുഹമ്മദ് ഹുസൈന്‍ ഭാന്‍പൂര്‍വാല, അസ്ഗര്‍ അബ്ബാസ് ഷെയ്ഖ്, സയ്യിദ് സെയ്ഫുദ്ദീന്‍ എന്നിവരെയാണ് സിംഗ് കൊലപ്പെടുത്തിയത്. വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പിആര്‍ഒ സുമിത് ഠാക്കൂര്‍ നേരത്തെ സിംഗിന്റെ മാനസിക നില ശരിയല്ലെന്ന് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിംഗ് ആരുമായും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mumbai chetan singh
Advertisment