‘വോൾവെറിൻ’ താരം ഹ്യൂ ജാക്ക്മാനും ഡെബോറ ലീയും വിവാഹമോചിതനായി. നീണ്ട 27 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന യാത്ര ഇവിടെ വച്ച് മാറുകയാണെന്ന് ഇരുവരും പ്രസ്താവനയിൽ പറയുന്നു. വ്യക്തിപരമായ വളർച്ച പിന്തുടരാനാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും ഇരുവരും ചേർന്നിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടുംബത്തിനായിരുന്നു എപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. ഇനിയങ്ങോട്ടും അങ്ങനെതന്നെയായിരിക്കുമെന്നും ഇവർ പറഞ്ഞു.
1995-ൽ ഓസ്‌ട്രേലിയൻ ടിവി സീരിസായ 'കോറെല്ലി'യുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. 1996 ഏപ്രിൽ 11- ന് ഇരുവരും വിവാഹിതരായി. 54കാരനായ ജാക്ക്മാനേക്കാൾ 13 വയസ്സ് കൂടുതലാണ് ഡെബോറയ്ക്ക്.ദത്തെടുത്ത രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. 23 കാരനായ ഓസ്കർ, 18 വയസുള്ള അവ.
എക്സ്മെന്‍ സിനിമകളിൽ വോൾവെറിൻ എന്ന കഥാപാത്രത്തിലൂടെ ലോക പ്രശസ്തനായ താരമാണ് ഹ്യൂ ജാക്ക്മാൻ. 2022ൽ റിലീസ് ചെയ്ത ദ് സൺ എന്ന സിനിമയാണ് അവസാന റിലീസ്. ഡെഡ്പൂൾ 3യാണ് ജാക്ക്മാന്റെ പുതിയ റിലീസ്.