ഹൈദരാബാദ്: തെലങ്കാന എന്ന സംസ്ഥാനം തന്നെ കോണ്‍ഗ്രസിന്റെ വാഗ്ദാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തെലങ്കാന സംസ്ഥാനം കൊണ്ടുവന്നത് സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ദുര്‍ഭരണത്തില്‍ കഷ്ടപ്പെടുകയാണ് തെലങ്കാന. ഒരു സദ്ഭരണം കാഴ്ചവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
'രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ഈ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെടും എന്ന തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്.
തെലങ്കാനയില്‍ ബിജെപി വിരുദ്ധത പറയുകയും ഡല്‍ഹിയില്‍ പോയി മോദിയെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് കെസിആറിന്റെ നിലപാട്. 2024ല്‍ മോദിയെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെയാണു വിജയിപ്പിക്കേണ്ടതെന്നു തെലങ്കാനയിലെ ജനങ്ങള്‍ക്കു നന്നായി അറിയാം.''കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
തെലങ്കാനയില്‍ കര്‍ണാടക മോഡല്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പുകളെ നവീന രീതിയില്‍ നോക്കിക്കാണാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
പരമ്പരാഗത തിരഞ്ഞെടുപ്പു രീതികളില്‍നിന്നു മാറി നവീനരീതിയിലുള്ള തിരഞ്ഞെടുപ്പു രീതികളുമായി മുന്നോട്ടു പോവുകയാണ്. തെലങ്കാന ഇന്നുവരെ കാണാത്ത ശക്തിപ്രകടനമായിരിക്കും കോണ്‍ഗ്രസ് നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ആറ് ഗ്യാരന്റികള്‍ പ്രഖ്യാപിക്കുകയും ഗ്യാരന്റി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യും. ജനപ്രതിനിധികള്‍ 119 അസംബ്ലി മണ്ഡലങ്ങളിലേക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് ഈ സഹാചര്യത്തില്‍ ഒന്നും പറയാനില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.