/sathyam/media/media_files/A0L1dqEb38VJfURKxNaT.jpg)
റാഞ്ചി: ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
ഒരു എഎസ്‌ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി.
ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 2012ൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ജമുനി ഗ്രാമത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. 2016 മുതൽ, ഭർത്താവുമായി പ്രശ്നങ്ങൾ ആരംഭിച്ചു. ഇവർ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ പറഞ്ഞു.