കർണാടക ബന്ദ്: ബെംഗളൂരു വിമാനത്താവളത്തിൽ സംഘർഷം; 44 വിമാനങ്ങൾ റദ്ദാക്കി

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും യാത്രക്കാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

New Update
bengaluru airport issue

സംഘർഷത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഉൾപ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയതെന്നും യാത്രക്കാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. എന്നാൽ കർണാടകയിലെ ബന്ദിന്റെ പശ്ചാത്തലത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതിനാലാണ് വിമാന സർവീസ് റദ്ദാക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം വിമാനത്താവളത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ അഞ്ച് കന്നഡ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരും എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തെ സാധാരണ ജനജീവിതത്തെ കൂടുതലായി ബാധിച്ചു. കന്നഡ ഒക്കൂത എന്ന സംഘടനയുടെ ഭാഗമായ കർണാടക സംരക്ഷണ വേദികെ, കന്നഡ ചളവലി (വാതൽ പക്ഷ) തുടങ്ങിയ കർഷക സംഘടനകളാണ് ബന്ദിന് ആഹ്വനം ചെയ്തിരിക്കുന്നത്. സംസ്ഥാനവ്യാപകമായി നടത്തുന്ന ബന്ദ് രാവിലെ മുതൽ വൈകുന്നേരം വരെയാണ്.

നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ വലിയ പ്രതിഷേധ ഘോഷയാത്ര നടക്കുമെന്നും എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾ പങ്കെടുക്കുമെന്നും ബന്ദിന്റെ സംഘാടകർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബന്ദ് മുഴുവൻ കർണാടകത്തിനും വേണ്ടിയാണെന്നും ഹൈവേകൾ, ടോൾ ഗേറ്റുകൾ, റെയിൽ സർവീസുകൾ, വിമാനത്താവളങ്ങൾ എന്നിവ അടച്ചുപൂട്ടാൻ ശ്രമിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

ബന്ദിന് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും കർണാടകയിലെ ഹോട്ടൽ, ഓട്ടോറിക്ഷ, ഹെയിൽ റൈഡേഴ്സ് അസോസിയേഷനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

 

latest news bangalore news
Advertisment