ചെന്നൈ- ബംഗളൂരു ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാനിന് പിന്നിൽ ലോറി ഇടിച്ചു; 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; 10 പേർക്ക് പരിക്ക്

ബംഗലൂരുവിൽ നിന്നും ചെന്നൈയിലേക്ക് സ്മാർട്ട് ബോർഡുകളുമായി പോകുകയായിരുന്ന ലോറിയാണ് വാനിൽ ഇടിച്ചത്.

New Update
lorry acci

ചെന്നൈ: ചെന്നൈ- ബംഗലൂരു ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന വാനിന് പിന്നിൽ ലോറി ഇടിച്ച് 7 സ്ത്രീകൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ സ്ത്രീകളാണ്. കർണാടകയിലെ മൈസൂരിൽ നിന്നും ദീർഘയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളുടെ യാത്രാസംഘം സഞ്ചരിച്ചിരുന്ന രണ്ട് വാനുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്.

Advertisment

വാനിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുറത്തിറങ്ങിയ സ്ത്രീകൾ പാതയോരത്തെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. അപായ ലൈറ്റുകൾ തെളിയിച്ച് ഡ്രൈവർ ടയർ പരിശോധിക്കാൻ ഇറങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന ലോറി വാനിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാൻ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന സ്ത്രീകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.

ബംഗലൂരുവിൽ നിന്നും ചെന്നൈയിലേക്ക് സ്മാർട്ട് ബോർഡുകളുമായി പോകുകയായിരുന്ന ലോറിയാണ് വാനിൽ ഇടിച്ചത്. വാൻ നിർത്തിയിട്ടിരിക്കുന്ന താൻ കണ്ടില്ല എന്നായിരുന്നു ഡ്രൈവർ പോലീസിനോട് പറഞ്ഞത്. അതിരാവിലെ ആയിരുന്നതിനാൽ മൂടൽ മഞ്ഞ് ഉണ്ടായിരുന്നതായി പോലീസും സ്ഥിരീകരിച്ചു.

തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ നാട്രമ്പള്ളി പട്ടണത്തിന് സമീപം സണ്ടൈപ്പള്ളിയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

 

Chennai
Advertisment