രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക്, മൂന്നടി വ്യാസമുള്ള പൈപ്പ് കടത്തിവിട്ട് തൊഴിലാളികള്‍ക്ക് അരികില്‍ എത്താന്‍ പദ്ധതി; പ്രാര്‍ഥനയോടെ നാട്

New Update
tunnel

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക്. തുരങ്കത്തില്‍ 200 മീറ്റര്‍ ഭാഗത്ത് വീണ പാറക്കഷണങ്ങള്‍ പൊട്ടിച്ച് മാറ്റി തൊഴിലാളികളുടെ അരികില്‍ എത്താനുള്ള ശ്രമമാണ് നടക്കുന്നത്. 

Advertisment

ഇതിനായി 900 മില്ലിമീറ്റര്‍ വ്യാസമുള്ള ( മൂന്നടി) പൈപ്പ് പാറക്കഷണങ്ങളിലൂടെ ഉള്ളിലേക്ക് കടത്തിവിട്ട് തൊഴിലാളികളുടെ അരികില്‍ എത്താനും പദ്ധതിയുണ്ട്. ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് തുരന്ന് പാറക്കഷണങ്ങള്‍ക്കിടയില്‍ ദ്വാരം ഉണ്ടാക്കി പൈപ്പ് കടത്തിവിടാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് പൈപ്പ് വഴി തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം.

ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിനകത്തേയ്ക്കുള്ള വഴി ശരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നാണ് ഉത്തരകാശി സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ ഇന്നലെ പറഞ്ഞത്. അവര്‍ക്ക് ആവശ്യമായ വെള്ളവും ഓക്‌സിജനും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളുമായുള്ള ആശയവിനിമയ ബന്ധം ഇന്നലെ തന്നെ സ്ഥാപിച്ചതായും പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.

Advertisment