/sathyam/media/media_files/aT0S9GgR0CvIkRCdlyEC.jpg)
ലഖ്നൗ: പുതുപ്പളളി ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉത്തർപ്രദേശിലെ ഘോസിയിലും ഉത്തരാഖണ്ഡിലും എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പോസ്റ്റൽ വോട്ടുക​ൾ എണ്ണിതുടങ്ങിയ ഘോസിയിൽ ബിജെപിയുടെ ദാരാ സിംഗ് ചൗഹാൻ എസ്പിയുടെ സുധാകർ സിംഗിനെ പിന്നിലാക്കി മുന്നിട്ട് നിൽക്കുന്നു.
ജാർഖണ്ഡിലെ ​ഗിരിദിഹ് ജില്ലയിലെ ദുംറി നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. പത്ത് മിനിട്ടോളം വൈകിയാണ് ഉദ്യോ​ഗസ്ഥർ ഒരുക്കങ്ങൾ പൂർത്തിയാക്കി വോട്ടെണ്ണൽ ആരംഭിച്ചത്. കനത്ത സുരക്ഷയാണ് ദുംറിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ നടക്കുന്ന കൃഷി ബസാർ സമിതി നിലനിൽക്കുന്ന പച്ചമ്പയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഘോസിയിൽ 50.77 ശതമാനം പോളിം​ഗ് ആണ് രേഖപ്പെടുത്തിയിരുന്നത്. ഉത്തരാഖണ്ഡിലെ ബാ​ഗേശ്വറിൽ വോട്ടെണ്ണലിൽ 130 ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുളളത്. ബാഗേശ്വർ ഡിഗ്രി കോളേജിലാണ് വോട്ടുകൾ എണ്ണുന്നതെന്ന് ജില്ലാ കളക്ടർ അനുരാധ പാൽ പറഞ്ഞു.
എസ്പിയുടെ ധാരാ സിം​ഗ് ചൗഹാൻ രാജിവെച്ച് ബിജെപി പാളയത്തിൽ ചേക്കേറിയതോടെയാണ് ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരാ സിം​ഗ് ചൗഹാൻ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ എസ്പിയുടെ സുധാകർ സിം​ഗ് ആണ് എതിർ സ്ഥാനാർത്ഥി. കോൺ​ഗ്രസും ഇടത് പാർട്ടികളും എസ്പിയെ പിന്തുണച്ചു. മായാവതിയുടെ ബിഎസ്പി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.
ബാ​ഗേശ്വറിൽ 1.2 ലക്ഷം വോട്ടർമാരിൽ 55.44 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചത്. എംഎൽഎയും കാബിനറ്റ് മന്ത്രിയുമായിരുന്ന ചന്ദൻ റാം ദാസിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 2007 മുതൽ നാലു തവണ ചന്ദൻ റാം ദാസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. അഞ്ച് സ്ഥാനാർത്ഥികളാണ് ബാ​ഗേശ്വറിൽ മത്സരിച്ചത്. ചന്ദൻ റാം ദാസിന്റെ ഭാര്യ പാർവതി ദാസ് (ബിജെപി), ബസന്ത് കുമാർ (കോൺഗ്രസ്), ഭഗവതി പ്രസാദ് (സമാജ്‌വാദി പാർട്ടി), അർജുൻ ദേവ് (ഉത്തരാഖണ്ഡ് ക്രാന്തി ദൾ), ഭഗവത് കോഹ്‌ലി (ഉത്തരാഖണ്ഡ് പരിവർത്തൻ പാർട്ടി) എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ മാറ്റുരച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us