വാരണാസി; ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ സർവേയിൽ ഹിന്ദു മതവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് വാരണാസി കോടതി. ചരിത്രപരമായി പ്രാധാന്യമുള്ള എല്ലാ വസ്തുക്കളും ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറാൻ കോടതി എഎസ്‌ഐയോട് ഉത്തരവിട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റിനെയോ അവർ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തിയെയോ ഈ വസ്‌തുക്കൾ ഏൽപ്പിക്കാനും, ഇവ ആവശ്യമുള്ളപ്പോൾ കോടതിയിൽ നൽകാനും ജില്ലാ കോടതി നിർദ്ദേശിച്ചു.
“ഈ കേസിന്റെ വസ്തുതകളുമായി ബന്ധപ്പെട്ടതോ, ഹിന്ദു മത-ആരാധന സമ്പ്രദായവുമായി ബന്ധപ്പെട്ടതോ, ചരിത്രപരമോ, പുരാവസ്തുപരമോ ആയ എല്ലാ വസ്തുകളും കോടതിക്ക് കൈമാറണം. ഇവ ജില്ലാ മജിസ്‌ട്രേറ്റിനോ അദ്ദേഹം നാമനിർദ്ദേശം ചെയ്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ മുമ്പാകെ സമർപ്പിക്കണം. ഇതെല്ലം സുരക്ഷിതമായി സൂക്ഷിക്കുകയും കോടതി ആവശ്യപ്പെടുമ്പോഴെല്ലാം കോടതിയിൽ ഹാജരാക്കുകയും വേണം,” - ബെഞ്ച് ആവശ്യപ്പെട്ടു.
വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള കേസിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അലഹബാദ് ഹൈക്കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് ഉത്തരവ്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പള്ളി ഹിന്ദു ക്ഷേത്രത്തിന് മുകളിലായി നിര്മിച്ചതാണെന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശ പ്രകാരം പള്ളിയുടെ പരിസരത്ത് എഎസ്ഐ യുടെ നേതൃത്വത്തിൽ ശാസ്ത്രീയ സർവേ നടത്തി വരികയാണ്.