പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത്, ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗന്ദൂര്‍ നിര്‍മിക്കുന്ന ‘സലാര്‍’ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുലിമുരുകന്‍ എന്ന ബ്ലോക്ക്ബ്ലസ്റ്റര്‍ ചിത്രത്തില്‍ ഡാഡി ഗിരിജയിലൂടെ മലയാളത്തിന് സുപരിചിതനായ ജഗപതി ബാബുവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുതിയതായി റിലീസ് ചെയ്തത്.
രാജമന്നാര്‍ എന്ന കഥാപാത്രമായി മാസ് ലുക്കിലാണ് ജഗപതി ബാബു. സിഗരറ്റ് വലിച്ച്, തീവ്രമായ നോട്ടത്തോടെയാണ് രാജമന്നാറിനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. വില്ലന്‍ വേഷത്തിലൂടെയും സ്വഭാവനടനായും തെന്നിന്ത്യയില്‍ തിളങ്ങിയ ജഗപതി ബാബു ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും ചിത്രത്തിലെത്തുന്നത് എന്നും പോസ്റ്റര്‍ കണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംഗീതജ്ഞന്‍ രവി ബസ്രൂര്‍ ആണ്. പ്രഭാസിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് സലാറിലുള്ളത്. ശ്രുതി ഹാസന്‍ ആണ് നായിക. മധു ഗുരുസ്വാമി ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്യുന്നു.