ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘പുഷ്പ’യിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെയാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Advertisment

ബോള്‍ഡ് ലുക്കിലാണ് ഫഹദിന്റെ കഥാപാത്രം. മുടി മുഴുവന്‍ കളഞ്ഞ ഒരു ഗെറ്റപ്പില്‍ ഫഹദ് ഇതുവരെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഥാപാത്രത്തിന്റെ പേരും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത്’ എന്ന ഐപിഎസ് ഓഫീസര്‍ ആണ് ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രം.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും.

അതേസമയം തമിഴിലും ഒരു വന്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട് ഫഹദ് ഫാസില്‍. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്രം’ ആണിത്. ഫഹദിനൊപ്പം വിജയ് സേതുപതി, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘മാസ്റ്ററി’നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ്.

Advertisment