ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ.ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമായെത്തിയ ഛപാക് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള താരം ഈ ചിത്രത്തിനായി ആസിഡ് ആക്രമണത്തിന് ഇരയായ നിരവധി ആളുകളുമായി ചർച്ച നടത്തിയിരുന്നു. ചിത്രത്തിൽ ദീപികയ്‌ക്കൊപ്പം സഹതാരമായി അഭിനയിച്ചതാണ് ബാല പ്രജാപതി.
വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായ ബാലയ്ക്ക് സഹായഹസ്തവുമായി എത്തുകയാണ് ദീപികയിപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിനാവശ്യമായ പതിനഞ്ച് ലക്ഷം രൂപയാണ് ദീപിക നൽകിയത്. അതേസമയം ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രം തനിക്ക് എന്നെന്നും പ്രിയപ്പെട്ട ചിത്രമാണെന്ന് നേരത്തെ ദീപിക പറഞ്ഞിരുന്നു.