ഡയാന രാജകുമാരിയായി ക്രിസ്റ്റൻ സ്റ്റുവർട്ട് ;സ്പെൻസർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി

ഫിലിം ഡസ്ക്
Friday, September 24, 2021

ഡയാന രാജകുമാരിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്ന സ്പെൻസർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ഡയാന രാജകുമാരിയായി എത്തുന്നത്. ഡയാന രാജകുമാരിയായി അതിശയിപ്പിക്കുന്നതരത്തിലാണ് ക്രിസ്റ്റൻ സ്റ്റുവർട്ടിന്റെ വേഷപ്പകർച്ച. ഗംഭീര അഭിനയമാണ് ക്രിസ്റ്റൻ കാഴ്ചവച്ചിരിക്കുന്നത്. നവംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ പ്രക്ഷുബ്ധമായ ജീവിതം വിവരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു.

ഓഗസ്റ്റിൽ ഇറങ്ങിയ സ്പെൻസറിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ക്രിസ്മസ് അവധിക്കാലത്ത്ചാൾസ് രാജകുമാരനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന ഡയാന രാജകുമാരിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. കാമില പാർക്കറുമായുള്ള ഭർത്താവിന്റെ ബന്ധത്തെക്കുറിച്ചും രാജകുടുംബത്തിന്റെ ഭാഗമാകാനുള്ള സമ്മർദ്ദത്തെ ഡയാന എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും ട്രെയ്‌ലറിൽ കാണിക്കുന്നു.

പരാജയപ്പെട്ട ദാമ്പത്യവും വിശ്വാസവഞ്ചനയും കാരണം നീരസം അനുഭവിക്കുന്ന രാജകുടുംബത്തിലെ ഒരു സ്ത്രീയുടെ സങ്കീർണമായ മാനസികാവസ്ഥയിലൂടെയാണ് സ്പെൻസർ കടന്നുപോകുന്നത്. ഡയാന രാജകുമാരിയുടെ ജീവിതം അതുപോലെ ചിത്രത്തിൽ വരച്ചുകാട്ടുന്നു എന്ന് പറയാൻ കഴിയില്ലെങ്കിലുംക്രിസ്റ്റൺ സ്റ്റുവർട്ട് തന്റെ കഥാപാത്രത്തെ അതിഗംഭീരമാക്കിയിട്ടുണ്ട് എന്ന് പറയാൻ സാധിക്കും.

ക്രിസ്റ്റൺ സ്റ്റുവർത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി സ്‌പെൻസർ കണക്കാക്കുന്നു. ഡയാന രാജകുമാരിയുടെ ശരീര ഭാഷ മുതൽ ആക്സന്റ് വരെ ക്രിസ്റ്റൺ അതുപോലെതന്നെ അനുകരിച്ചുകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്. പാബ്ലോ ലാരൈൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പീക്കി ബ്ലൈൻഡേഴ്സിന്റെ സ്രഷ്ടാവായ സ്റ്റീവൻ നൈറ്റ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

×