ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തല അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. തല അജിത് ആരാധകരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഒരു തിയേറ്റർ അനുഭവമായിരിക്കും 'വലിമൈ'.
തലയുടെ സിനിമയ്ക്കായുള്ള രണ്ടര വർഷത്തെ കാത്തിരിപ്പു വെറുതെ ആയില്ല എന്നാണ് ആരാധകർ പറയുന്നത്. ബൈക്ക് റേയ്‍സ് ഫൈറ്റാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. അജിത് ആരാധകർക്കുള്ള മികച്ചൊരു ആക്ഷൻ ത്രില്ലറാണ് വലിമൈ.
മാലപൊട്ടിക്കൽ, മയക്കു മരുന്ന് വിൽപ്പന, ഗുണ്ടാവിളയാട്ടം തുടങ്ങി നാട്ടിൽ നടക്കുന്ന അസാന്മാർഗിക പ്രവർത്തികൾക്ക് മൂക്കുകയർ ഇടുന്നതിനായി മധുരയിൽ നിന്നും തമിഴ്‌നാട് പോലീസ് അർജുൻ എന്ന പോലീസുകാരനെ നിയോഗിക്കുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. അജിത് ആണ് അർജുൻ ആയി എത്തുന്നത്. മയക്കുമരുന്ന് സിൻഡിക്കേറ്റ് തലവനായി കാർത്തികേയ ഗുമ്മകൊണ്ട എത്തുന്നു. അമ്മ, സഹോദരൻ ബന്ധത്തിന്റെ ആഴവും മാസ് സ്റ്റണ്ട് സീനുകളും വലിമൈ മാസ്സ് ആക്കുന്നു.