ഇന്ത്യന്‍ ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ് യാഷ് നായകനായ കന്നഡ ചിത്രം കെ.ജി.എഫ് 2. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടി.105.5 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്‍റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.
കേരളത്തില്‍ റിലീസ് ദിവസം 7.48 കോടി രൂപയാണ് ചിത്രം നേടിയത്. ശ്രീകുമാര്‍ മേനോന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയനെ മറികടന്നാണ് കെ.ജി.എഫ് 2 ന്‍റെ നേട്ടം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും തമിഴ് പതിപ്പിനാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ.