കോവിഡിന്റെ അതിവ്യാപനം : ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ജനുവരി വരെ നീട്ടി

New Update

publive-image

വാഷിംഗ്ടണ്‍ : വിമാനം, ട്രെയിന്‍, ബസ് തുടങ്ങിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം ജനുവരി വരെ നീട്ടികൊണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ഉത്തരവിട്ടു.

Advertisment

ജനുവരി 18 വരെ താല്‍ക്കാലികമായി ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നത്.

രാജ്യത്ത് കൂടുതല്‍ അപകടകാരിയും വ്യാപനശക്തിയുള്ളതുമായ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം 19 വര്‍ധിച്ചുവരുന്ന ചില സംസ്ഥാനങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കല്‍ വീണ്ടും നിലവില്‍ വരികയും ചെയ്തിട്ടുള്ളതായി സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

കോവിഡ് 19 നേക്കാള്‍ മാരകമാണ് ഡെല്‍റ്റാ വകഭേദമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതരും ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

മുഖവും മൂക്കും വളരെ ശക്തമായി മറയ്ക്കുന്ന മാസ്‌ക്കുകള്‍ ധരിക്കുന്നത് മറ്റുള്ളവരില്‍ കോവിഡ് വ്യാപനം കുറക്കുന്നതിന് ഉപകരിക്കുമെന്ന് സിഡിസി അറിയിച്ചു.

യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് ഫെബ്രുവരി ഒന്നിനാണ് ആദ്യമായി നിലവില്‍ വന്നത്. പിന്നീട് സെപ്റ്റംബര്‍ 13 വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തുകയായിരുന്നു.

പുതിയ നിയമമനുസരിച്ചു ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ അധികാരം നല്‍കുന്നു. രണ്ടു വയസ്സിനു താഴെയുള്ളവര്‍ക്കും പ്രത്യേക ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും ഉത്തരവില്‍ നിന്നും ഒഴിവും നല്‍കിയിട്ടുണ്ട്.

Advertisment