/sathyam/media/post_attachments/6DxOtacQe0Z39OB5LLoY.jpg)
വാഷിങ്‌ടൻ: ലോക ബാങ്ക് പ്രസിഡന്‍റായി ഇന്ത്യൻ വംശജൻ അജയ് ബാംഗ ചുമതലയേറ്റു. 63-കാരനായ ബാംഗയക്ക് അഞ്ച് വർഷമാണ് കാലാവധി. ലോക ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി അജയ് ബാംഗയെ സ്വാഗതം ചെയ്യുന്നുവെന്നും ദാരിദ്ര്യമില്ലാത്ത ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാമെന്നും ലോകബാങ്കിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു. ബാംഗയുടെ ചിത്രത്തോടുകൂടിയാണ് പോസ്റ്റ്.
‘‘ലോക ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുന്ന അജയ് ബാംഗയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നന്മ ചെയ്യുന്നതിനും ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി ഞങ്ങളുടെ സ്ഥാപനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.’’ – ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ട്വീറ്റിൽ പറഞ്ഞു.
25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.