/sathyam/media/post_attachments/r8BO6QBUWqS8QBXpknXj.jpg)
കെയ്റോ: ഈജിപ്തിൽ പണപ്പെരുപ്പം കുതിച്ചുയർന്നതോടെ ഭക്ഷ്യ വസ്തുക്കളുടെ വിലയും ഉയരുന്നു. പണപ്പെരുപ്പ നിരക്ക് ജൂണിൽ റെക്കോർഡ് നിരക്കായ 35.8% ആയി ഉയർന്നതോടെ അവശ്യ സാധനങ്ങള വാങ്ങാനാവാതെ ജനങ്ങൾ വലയുകയാണ്.
മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്ത 32.7 ശതമാനത്തിൽ നിന്നാണ് ജൂണിലെ വർദ്ധനവെന്ന് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ കാപ്മാസിന്റെ കണക്കുകൾ വെളിപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ വർഷം മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്ക് വിലക്കയറ്റം രൂക്ഷമാക്കുമെന്ന് വിഗദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പെരുന്നാൾ കാലത്തും വിലക്കയറ്റം ജനങ്ങളെ ബാധിച്ചു. എന്നാൽ വരും മാസങ്ങളിൽ ഭക്ഷ്യവിലകൾ മിതമായ നിലയിൽ പിടിച്ചുനിർത്താനാകുമെന്നാണ് അധികൃതർ കരുതുന്നത്.
റഷ്യ-ഉക്രെയ്ൻ യുദ്ധം കൊണ്ടുവന്ന ആഗോള ഭക്ഷ്യ-ഊർജ്ജ വിലകളിലെ പ്രകടമായ വർദ്ധനവ്, ഡിസംബറിൽ അംഗീകരിച്ച അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പ അഭ്യർത്ഥിക്കുന്നതുപോലുള്ള നടപടികൾ എന്നിവയാണ് പ്രധാനമായും ബാധിച്ചതെന്നാണ് വിലയിരുത്തൽ.