Advertisment

മെക്‌സിക്കോയിൽ കോൾ സെന്റർ ജീവനക്കാരുടെ തിരോധാനം ; മലഞ്ചെരുവിൽ മനുഷ്യശരീര ഭാഗങ്ങൾ നിറച്ച 45 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

New Update

publive-image

Advertisment

മെക്‌സിക്കോ സിറ്റി: കോൾ സെന്റർ ജീവനക്കാരുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്.

45 ബാഗുകളാണ് അന്വേഷണസംഘം കാട്ടിൽനിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങൾ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നാണ് വിവരം.

മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപൻ നഗരത്തിലാണ് കഴിഞ്ഞയാഴ്ച എട്ടുപേരെ കാണാതായത്. ഒരേ കോൾ സെന്ററിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. എല്ലാവരും 30നടുത്ത് പ്രായമുള്ളവരാണ്. കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്.

എന്നാൽ, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി പരാതി ലഭിച്ചത്. സംഭവത്തിൽ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവിൽനിന്ന് ദുരൂഹമായ സാഹചര്യത്തിൽ അൻപതോളം ബാഗുകൾ കണ്ടെത്തിയത്.

ഇവർ ജോലി ചെയ്തിരുന്ന കോൾ സെന്റർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നതായി സംശയിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. സ്ഥാപനത്തിൽനിന്ന് കഞ്ചാവും രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കാണാതായവരെ ക്രിമിനലുകളാക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കത്തിനെതിരെ ഇവരുടെ കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

Advertisment