അന്തര്‍ദേശീയം

ആദിമ മനുഷ്യന്റെ യാത്രകൾ അറിയാം ; 23,000 വർഷങ്ങൾക്ക് മുൻപ് ആദിമ മനുഷ്യർ വടക്കേ അമേരിക്കയിലേക്ക് സഞ്ചരിച്ചപ്പോൾ രൂപപ്പെട്ട കാൽപ്പാടുകൾ കണ്ടെത്തി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, September 24, 2021

മെക്‌സിക്കോ: ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതെന്ന് കരുതപ്പെടുന്ന കാൽപ്പാടുകളുടെ ഫോസിൽ ന്യൂ മെക്‌സിക്കോയിൽ കണ്ടെത്തി. 23,000 വർഷങ്ങൾക്ക് മുൻപ് ആദിമ മനുഷ്യർ വടക്കേ അമേരിക്കയിലേക്ക് സഞ്ചരിച്ചപ്പോൾ രൂപപ്പെട്ടതാണിതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

വൈറ്റ് സാന്റ്‌സ് നാഷണൽ പാർക്കിലെ വരണ്ട തടാകത്തിൽ 2009ലാണ് ഈ ശ്രേണിയിൽപെട്ട ആദ്യ കാൽപ്പാട് കണ്ടെത്തുന്നത്. അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഈ കാൽപ്പാടുകളുടെ ഫോസിലുകൾക്കിടയിൽ നിന്നും ഒരു വിത്ത് കണ്ടെടുത്തിരുന്നു. ഇത് പഠനവിധേയമാക്കിയാണ് കാൽപ്പാടുകൾക്ക് 22,800 മുതൽ 21,130 വർഷം വരെ പഴക്കം ഉണ്ടാകാമെന്ന് വിലയിരുത്തിയത്.

ഐസ് ഏജ് കാലഘട്ടത്തിലെ കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ള സംഘത്തിന്റെ കാൽപ്പാടുകളാണ് ഇതെന്നാണ് കരുതുന്നത്.  കാൽപ്പാടുകളുടെ വലിപ്പവും മറ്റും കണക്കാക്കിയാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ കണ്ടെത്തലുകൾ കൂടുതൽ പഠനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്.

എന്ന് മുതലാണ് ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ആളുകൾ അമേരിക്കയിലേക്ക് എത്തി തുടങ്ങിയത് എന്ന കാര്യം മനസിലാക്കാനും പുതിയ കണ്ടെത്തൽ സഹായകരമാകുമെന്ന് ഗവേഷകർ പറയുന്നു.  ഏഷ്യയേയും അലാസ്‌കയേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഒരു പാത ഇവിടെ ഉണ്ടായിരുന്നുവെന്നാണ് ഭൂരിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ധാരാളം തെളിവുകളും ലഭിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്ന് കണ്ടെത്തിയ കല്ല് കൊണ്ടുള്ള ആയുധങ്ങൾ, ഫോസിലുകൾ, ജനിതകപരമായ ചില വിശകലനങ്ങൾ എന്നിവയെല്ലാം ശാസ്ത്രജ്ഞരുടെ നിഗമനങ്ങളെ സാധൂകരിക്കുന്നതാണ്.  26,000 മുതൽ 13,000 വർഷങ്ങൾക്ക് മുൻപ് തന്നെ അമേരിക്കയിലേക്കുള്ള ആദിമ മനുഷ്യന്റെ കുടിയേറ്റം ആരംഭിച്ചുവെന്നാണ് ഇവർ പറയുന്നത്.

മുൻപ് കണ്ടെത്തിയിട്ടുള്ള ഫോസിലുകൾ, കരകൗശല വസ്തുക്കൾ, അസ്ഥികൾ എന്നിവയെക്കാളും ആധികാരികത ഫോസിൽ കാൽപ്പാടുകൾക്ക് ഉണ്ടെന്നാണ് ഗവേഷകർ പറയുന്നു. വൈറ്റ് സാന്റ്‌സ് നാഷണൽ പാർക്കിലെ റിസോഴ്‌സ് പ്രോഗ്രാം മാനേജരായിരുന്ന ഡേവിഡ് ബസ്‌റ്റോസാണ് 2009ൽ ഈ കാൽപ്പാടുകൾ ആദ്യമായി കണ്ടെത്തുന്നത്.

പിന്നീടുള്ള വർഷങ്ങളിലാണ് ബാക്കി കാൽപ്പാടുകൾ കണ്ടെത്തുന്നത്. അന്ന് മുതൽ ഗവേഷകർ ഇത് പഠന വിധേയമാക്കി വരികയായിരുന്നു.  കാൽപ്പാടുകൾ ഏറെ പഴക്കം ചെന്നതാണെന്ന് അറിയാമായിരുന്നെങ്കിലും, ഇത്രത്തോളം പഴക്കമേറിയതാണെന്ന് കരുതിയിരുന്നില്ലെന്ന് ഡേവിഡ് ബസ്റ്റോസ് പറയുന്നു.

ഫോസിലിന് മുകളിൽ വിത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നതായി അടുത്തിടെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.  വൈറ്റ് സാന്റ്‌സ് നാഷണൽ പാർക്കിൽ നിന്നും ഇതിന് മുൻപും പല വിധ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഐസ് ഏജ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാമത്ത്, ചെന്നായ, പൂച്ച തുടങ്ങിയവയുടെ ഫോസിലുകളാണ് ലഭിച്ചിട്ടുള്ളത്.

×