ലോകത്തിലെ പല ആളുകളും വിചിത്ര സ്വഭാവമുള്ളവരാണ്. അത്തരം ആളുകളുടെ വിചിത്ര രീതികൾ നമ്മെ ആശങ്കയിലാഴ്ത്തുമെങ്കിലും, അതിന്റെ പിന്നിലുള്ള കാരണം അറിയാൻ നമുക്ക് പലപ്പോഴും സാധിച്ചെന്ന് വരില്ല. അത്തരമൊരു വിചിത്ര വ്യക്തിയെക്കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
'സൈലന്റ് മാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു ഇംഗ്ലീഷുകാരൻ തിരക്കേറിയ റോഡിന്റെ നടുക്ക് കയറി നിൽക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ഏഴ് വർഷമായി അയാൾ ഈ രീതിയിൽ നിരവധി ഗതാഗതക്കുരുക്കുകളാണ് സൃഷ്ടിക്കുന്നത്. അതേസമയം അയാൾ ഒരിക്കലും ഒരു വാക്കുപോലും സംസാരിച്ച് ആരും കണ്ടിട്ടുമില്ല.
അതുകൊണ്ട് തന്നെ അയാൾ എന്തിനാണ് ഈ രീതിയിൽ റോഡിന് നടുവിൽ കയറി നിലക്കുന്നതെന്ന് ആർക്കും വ്യക്തമല്ല. യുകെ നഗരമായ സ്വാൻസിയിലാണ് സംഭവം. ഡേവിഡ് ഹാംപ്സൺ എന്ന വ്യക്തിയാണ് ഈ രീതിയിൽ വിചിത്രമായി പെരുമാറുന്നത്. റോഡിന് നടുക്ക് ഒന്നും മിണ്ടാതെ കയറി നിൽക്കുന്ന ഡേവിഡിനെ ആളുകൾ 'സൈലന്റ് മാൻ' എന്ന് വിളിക്കാൻ തുടങ്ങി.
51 -കാരനായ ഡേവിഡ് 2014 മുതലാണ് ഇത് ചെയ്യാൻ തുടങ്ങിയത്. ഒരിക്കൽ പാത ഉപരോധിച്ചതിന് ഡേവിഡിനെതിരെ ഒരു ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇക്കാരണത്താൽ ഏഴ് വർഷത്തിനിടെ ഒമ്പത് തവണ അയാൾ ജയിലിലായി. എന്നിട്ടും അയാൾ അതിൽ നിന്ന് പിന്തിരിഞ്ഞില്ല. 2018 -ൽ, സ്വാൻജി സെൻട്രൽ പൊലീസ് സ്റ്റേഷന് എതിരെയുളള റോഡിലെ ഗതാഗതം ഡേവിഡ് തടസപ്പെടുത്തി.
തുടർന്ന്, അയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ, ആ സമയത്ത് പോലും, എന്തിനാണ് ഇത് ചെയ്യുന്നതെന്ന് കോടതിയിലോ, പൊലീസിനോടോ പറയാൻ അയാൾ തയ്യാറായില്ല. 2020 ഡിസംബറിലാണ് അവസാനമായി അയാൾ റോഡ് ഉപരോധിച്ചത്. അതിനെത്തുടർന്ന്, ഇപ്പോൾ ക്രിമിനൽ കുറ്റങ്ങൾക്ക് വിചാരണ നേരിടുകയാണ് അയാൾ.
അതേസമയം അയാൾക്ക് നൂറുശതമാനവും സംസാരിക്കാൻ കഴിയുമെന്നും, വളരെ മര്യാദയുള്ള വ്യക്തിയാണ് അയാളെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സാക്ഷികൾ കോടതിയിൽ പറഞ്ഞു. വിചാരണയിൽ, ഒന്നുകിൽ ഡേവിഡ് ആജീവനാന്തം ജയിലിൽ തുടരുമെന്നും അല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നുള്ള സത്യം തുറന്ന് പറയണമെന്നും ജഡ്ജി പറഞ്ഞിരുന്നു.
കോടതി അയാളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു. ഇക്കാരണത്താൽ, ജഡ്ജി ഡേവിഡിനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഡേവിഡ് ഡോക്ടറോടും ഒന്നും പറഞ്ഞില്ല.
ഡേവിഡ് മനപൂർവ്വമാണ് മിണ്ടാത്തതെന്നും, അതേസമയം അയാൾക്ക് സാമൂഹിക സമ്മർദ്ദങ്ങളോ, സാമ്പത്തിക സമ്മർദ്ദങ്ങളോ ഉണ്ടാകാമെന്നും ഡോക്ടർ വിലയിരുത്തി. എന്നാൽ, ഒരു മാനസികരോഗിയാണോ എന്നോ, മറ്റ് രോഗാവസ്ഥകളുണ്ടോ എന്നോ കണ്ടെത്താൻ തനിക്ക് കഴിയുന്നില്ലെന്നും ഡോക്ടർ പറഞ്ഞു.