അന്തര്‍ദേശീയം

ഈ ​പട്ടണത്തിൽ താമസിക്കാൻ ചെല്ലണമെങ്കിൽ നിർബന്ധമായും അപന്റിക്സ് നീക്കം ചെയ്യണം, ഇന്നേവരെ ആരും കേൾക്കാത്ത വിചിത്രമായ ഒരു നിയമം കൊണ്ടുവന്ന ഒരു പട്ടണം

Sunday, September 26, 2021

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിയമങ്ങൾ വ്യത്യസ്തമാണ്. അവയിൽ കൂടുതലും സാധാരണ ജനത്തിന് പാലിക്കാൻ ബുദ്ധിമുട്ടുള്ളതല്ല താനും. എന്നാൽ, അന്റാർട്ടിക്കയിലെ ഒരു പട്ടണം ഇന്നേവരെ ആരും കേൾക്കാത്ത വിചിത്രമായ ഒരു നിയമം കൊണ്ടുവരികയുണ്ടായി. അത് മറ്റൊന്നുമല്ല, അവിടെ താമസമാക്കണമെങ്കിൽ എല്ലാവരും അവരുടെ അപ്പന്റിക്‌സ് നീക്കം ചെയ്യേണ്ടത് നിർബന്ധമാണ് എന്നതായിരുന്നു അത്.

സർജറി ഭയക്കുന്ന ഒരാൾക്ക് അവിടേയ്ക്ക് കടക്കാൻ കഴിയില്ലെന്ന് സാരം. അതിനി ഏത് പ്രായത്തിലുള്ള ആളായാലും ശരി. അന്റാർട്ടിക്കയിലെ ഒരു ചിലിയൻ പട്ടണമായ വില്ല ലാസ് എസ്ട്രെല്ലാസാണ് ഈ വിചിത്രമായ നിയമം കൊണ്ടുവന്നത്.  തീർത്തും വിദൂരമായ അവിടെ അധികം സൗകര്യങ്ങളൊന്നുമില്ല.

എന്നിരുന്നാലും, പ്രദേശവാസികൾക്കായി ഒരു പ്രൈമറി സ്കൂൾ, പോസ്റ്റോഫീസ്, ജനറൽ ബാങ്ക്, അടിസ്ഥാന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ എന്നിവ ഉണ്ടവിടെ. പട്ടണത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികളൊന്നും തന്നെയില്ല. അതുകൊണ്ട് എല്ലാ മെഡിക്കൽ ആവശ്യങ്ങൾക്കും കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ താമസക്കാരും പട്ടണത്തിലേക്ക് വരുന്നു.

അതുപോലെ വില്ല ലാസ് എസ്ട്രെല്ലസിന് പട്ടണത്തിൽ ഡോക്ടർമാരുണ്ടെങ്കിലും, ശസ്ത്രക്രിയ നടത്താൻ കഴിവുള്ള ശസ്ത്രക്രിയാ വിദഗ്ധരില്ല. അപ്പന്റിക്‌സ് എങ്ങാനും പൊട്ടിയാൽ, അടിയന്തിര വൈദ്യസഹായങ്ങൾ ലഭിക്കാതെ രോഗി മരണപ്പെടാൻ സാധ്യതയുണ്ട്. അത് കാരണമാണ് ഒരു മുൻകരുതൽ എന്നോണം അത് നീക്കം ചെയ്ത ശേഷം മാത്രം ഇവിടേയ്ക്ക് വരണമെന്ന നിയമം കൊണ്ടുവന്നത്.

2018 -ലെ കണക്കനുസരിച്ച്, നഗരത്തിലെ എല്ലാ നിവാസികളും അവരുടെ അപ്പന്റിക്‌സ് നീക്കം ചെയ്‌തു കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം നഗരത്തിൽ രണ്ടേരണ്ട്‍ ആശുപത്രി കിടക്കകളേയുള്ളൂ. അത് കൂടാതെ ഒരു ഡെന്റൽ ക്ലിനിക്കുമുണ്ട്.

പരിമിതമായ ഇന്റർനെറ്റ് സൗകര്യമുള്ള നഗരത്തിലെ കണക്ടിവിറ്റിയും വളരെ മോശമാണ്. ചില പ്രധാന രാജ്യങ്ങളായ സൈബീരിയ, കാനഡ എന്നിവയേക്കാൾ കുറവ് ശൈത്യമാണ് ഈ നഗരം അനുഭവിക്കുന്നത്. വാർഷിക ശരാശരി താപനില മൈനസിൽ തുടരുമെങ്കിലും, ഭൂഖണ്ഡത്തിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടം ഊഷ്‌മളമായി തുടരുന്നു.

×