മിന്നലേറ്റത് മൂന്നുതവണ, മരണത്തിന് ശേഷവും അത് തുടർന്നു, മിന്നലിൽ തകർന്ന് കല്ലറയും. ലോകത്തിലെ ഏറ്റവും നിർഭാ​ഗ്യവാനായ മനുഷ്യന്റെ കഥ

author-image
admin
New Update

publive-image

ഇടിമിന്നലേൽക്കുന്നത് ലോകത്ത് അസാധാരണമല്ല. ജുലൈ മാസത്തിൽ ജയ്പൂരിൽ ഉണ്ടായ മിന്നലിൽ 16 പേർ കൊല്ലപ്പെട്ടത് നമ്മൾ വായിച്ചതാണ്. 2019 -ൽ ലോകത്താകമാനം 30 ലക്ഷത്തിലധികം ഇത്തരത്തിലുളള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ, ഒന്നിലധികം തവണ മിന്നലേറ്റിട്ടുള്ള ഒരു വ്യക്തിയെ കുറിച്ചാണിത്.

Advertisment

അദ്ദേഹമാണ് വാൾട്ടർ സമ്മർഫോർഡ്. ഒന്നും രണ്ടും പ്രാവശ്യമല്ല, മറിച്ച് മൂന്ന് തവണയാണ് അദ്ദേഹത്തിന് ഇടിമിന്നലേറ്റത്. ഇത് എന്തോ ശാപമാണെന്നാണ് നാട്ടുകാർ വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാനായ വ്യക്തിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാഷണൽ സ്റ്റോംസ് ലബോറട്ടറി നടത്തിയ പഠനത്തിൽ മിന്നലേൽക്കാനുള്ള സാധ്യത 13,000 പേരിൽ ഒരാൾക്ക് മാത്രമാണ് എന്ന് കണ്ടെത്തിയിരുന്നു. 100 വർഷങ്ങൾക്ക് മുൻപ് എന്ന് പറയുമ്പോൾ പിന്നെയും സാധ്യത കുറയുകയാണ് ചെയ്യുന്നത്. ഇന്നത്തെ പോലെ മിന്നലിനെ ആകർഷിക്കുന്ന നിരവധി വസ്‌തുക്കളൊന്നും അന്നുണ്ടായിരുന്നില്ല. എന്നിട്ടും പക്ഷേ അദ്ദേഹത്തിന് മൂന്ന് പ്രാവശ്യം മിന്നലേറ്റു എന്നതാണ് അതിശയം.

മരണത്തിന് ശേഷവും അത് തുടർന്നു എന്നതാണ് അതിലും അത്ഭുതം. ബ്രിട്ടീഷുകാരനായിരുന്ന വാൾട്ടർ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ആദ്യത്തെ സംഭവം 1918 -ൽ ഒന്നാം ലോകമഹായുദ്ധ സമയത്താണ് നടന്നത്. അന്ന് അദ്ദേഹത്തെ ബെൽജിയത്തിലാണ് നിയമിച്ചിരുന്നത്. പല യുദ്ധങ്ങളിലും അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടു.

വെടിയുണ്ടകളിൽ നിന്നും, സ്ഫോടനങ്ങളിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട അദ്ദേഹം എന്നാൽ മിന്നലേറ്റ് കിടന്ന് പോയി. ഒരു ദിവസം പതിവ് പോലെ കുതിരപ്പുറത്തു പോകുമ്പോഴാണ് ആദ്യമായി അദ്ദേഹത്തിന് ഇടിമിന്നലേൽക്കുന്നത്. തുടർന്ന്, അദ്ദേഹത്തിന്റെ അരക്കെട്ടിന് താഴെ തളർന്നുപോയി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം പൂർണമായും സുഖം പ്രാപിക്കുകയും, നടക്കാൻ തുടങ്ങുകയും ചെയ്തു. എങ്കിലും അതിനുമുമ്പ് തന്നെ സൈന്യം അദ്ദേഹത്തെ സേവനത്തിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. രണ്ടാമത്തെ പ്രാവശ്യം മിന്നലേൽക്കുന്നത് ആദ്യത്തെ സംഭവത്തിന് കൃത്യം ആറ് വർഷത്തിന് ശേഷമാണ്, അതായത് 1924 -ൽ. അക്കാലത്ത് അദ്ദേഹം കാനഡയിൽ പുതിയൊരു ജീവിതം നയിക്കുകയായിരുന്നു.

ഒരു ദിവസം മീൻപിടിക്കാനായി അടുത്തുള്ള ഒരു കുളത്തിലേക്ക് അദ്ദേഹം പോയി. അവിടെ ഒരു മരത്തിനടിയിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ മിന്നൽ വന്ന് പതിച്ചു.  ഇത്തവണ ശരീരത്തിന്റെ വലതുഭാഗമാണ് തളർന്നത്. എന്നിരുന്നാലും, അത്ഭുതകരമായി, രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം പൂർണമായും സുഖം പ്രാപിച്ചു. തീർന്നില്ല, ജീവിതം അദ്ദേഹത്തെ പരീക്ഷിക്കുന്നത് തുടർന്നു.

രണ്ടാമത്തെ സംഭവത്തിന് കൃത്യം ആറ് വർഷത്തിന് ശേഷം അടുത്തതും വന്നു. 1930 -ലായിരുന്നു മൂന്നാമത്തെ മിന്നലേൽക്കുന്നത്. ഒരു പാർക്കിൽ മനോഹരമായ കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നടക്കുകയായിരുന്നു അദ്ദേഹം.

പെട്ടെന്ന് കാലാവസ്ഥ മോശമായി, ഇരുണ്ട മേഘങ്ങൾ ആകാശത്തെ മൂടി. അദ്ദേഹത്തിന്റെ മനസ്സിൽ ഭീതി നിറഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വാൾട്ടറിന് ഇതിനകം തന്നെ പരിചിതമായ ആ ശബ്ദം വീണ്ടും കേട്ടു. അദ്ദേഹം ജീവനും കൊണ്ടോടി. എന്നാൽ, പക്ഷേ കാര്യമുണ്ടായില്ല. അയാൾക്ക് വീണ്ടും ഇടിമിന്നലേറ്റു.

ഇത്തവണ തല മുതൽ കാൽ വരെ പൂർണമായും തളർന്നു പോയി. രണ്ടുവർഷക്കാലം അദ്ദേഹം തന്റെ അവസ്ഥയോട് മല്ലിട്ടുവെങ്കിലും, ഒടുവിൽ 1932 -ൽ അദ്ദേഹം മരണപ്പെട്ടു. വാൾട്ടറിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ കാനഡയിലെ വാൻകൂവറിലെ മൗണ്ടൻ വ്യൂ സെമിത്തേരിയിൽ സംസ്‌കരിച്ചു.

എന്നാൽ, മരണശേഷവും മിന്നൽ അദ്ദേഹത്തെ വെറുതെ വിട്ടില്ല. 1936 -ൽ ഇടിമിന്നൽ വീണ്ടും അദ്ദേഹത്തിന്റെ കല്ലറയിൽ വന്ന് പതിച്ചു. അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ സ്ഥാപിച്ച കല്ല് പൂർണമായും തകർന്നു.

മൂന്നാമത്തെ സംഭവത്തിന് കൃത്യം ആറ് വർഷത്തിന് ശേഷമാണ് ഇതും സംഭവിച്ചത്. എപ്പോൾ വേണമെങ്കിലും മിന്നലേൽക്കാമെന്ന ഭീതിയോടെയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. എന്നിരുന്നാലും, കൃത്യം ആറ് വർഷത്തിലൊരിക്കൽ മാത്രം അദ്ദേഹത്തിന് മിന്നലേറ്റത് എന്തുകൊണ്ടാണ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

life style
Advertisment