സാധാരണയായി ലേലത്തിൽ കാണുന്ന സാധനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ഒരു ഓൺലൈൻ ബിഡിംഗ് സൈറ്റായ ഈബേ അടുത്തിടെ ലേലത്തിന് വച്ചു. അതെന്താണെന്നല്ലേ? വെറുമൊരു ഒരു പ്ലാസ്റ്റിക് കവർ. അതും അത് വിറ്റുപോയത് അഞ്ചരലക്ഷം രൂപയ്ക്കാണ്! ഈ വിചിത്രമായ ലേലം അടുത്തിടെ അറ്റ്ലാന്റിസിലാണ് നടന്നത്.
ഈ ബാഗിന്റെ പ്രത്യേകത കേട്ടാൽ ഒരുപക്ഷേ നിങ്ങൾ ഒന്ന് കൂടി ഞെട്ടും? ആ പ്ലാസ്റ്റിക് കവറിനുള്ളിൽ വായുവായിരുന്നു. വായുവിന് ഇത്ര വിലയോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ അത് വെറും വായുവല്ല, ഡോണ്ട ഡ്രോപ്പ് എന്ന ഒരു സംഭവവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കൻ പ്രശസ്ത പോപ്പ് ഗായകനായ കാനിയ വെസ്റ്റ് ഉടൻ പുറത്തിറക്കാനിരിക്കുന്ന ആൽബമാണ് ഡോണ്ട.
അതിനായി ഗായകൻ ജൂലൈ 22 -ന് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഒരു പ്രിവ്യൂ കൺസെർട്ട് നടത്തുകയുണ്ടായി. അവിടെ നിന്നുള്ള വായുവാണ് പ്ലാസ്റ്റിക് ബാഗിലുള്ളത്. ഗായകന്റെ അമ്മയുടെ പേരാണ് ആൽബത്തിനും നല്കിയിരിക്കുന്നത്.
ഗായകന്റെ പരിപാടിയിൽ താൻ പങ്കെടുക്കുകയും, സിപ്പ് ബാഗിൽ ആ സ്ഥലത്തിന്റെ വായു നിറയ്ക്കുകയും ചെയ്തുവെന്ന് ബാഗ് ലേലത്തിന് വച്ച വ്യക്തി പറഞ്ഞു. ഈബേയിൽ വായു "AIR FROM DONDA DROP" എന്ന ലേബലിൽ അദ്ദേഹം വിൽക്കാനും വച്ചു. തുടക്കത്തിൽ, വിൽപ്പനക്കാരൻ ബാഗിന് ഏകദേശം 2.47 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.
എന്നാൽ പതുക്കെ ആളുകൾ കൂടുതലായി ലേലത്തിൽ പങ്കെടുക്കാൻ തുടങ്ങി. ഒടുവിൽ ബാഗിന്റെ വില ഏകദേശം 6 ലക്ഷം രൂപയോളമായി ഉയർന്നു. ഈ ബാഗിനെക്കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത, ബാഗ് വാങ്ങുന്ന വ്യക്തി ഷിപ്പിംഗ് ചാർജായി മുന്നൂറു രൂപ കൂടി നൽകണം എന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. 2015 ലും ഈ രീതിയിൽ കാനിയ വെസ്റ്റിന്റെ പേരിൽ ഒരാൾ പണം സമ്പാദിക്കുകയുണ്ടായി. അന്ന് കവർ വിറ്റുപോയത് ഏകദേശം 48 ലക്ഷം രൂപക്കാണ്.