യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ലോക്ഡൗണ്‍ കാലമായതോടെയാണ് യാത്രകളുടെ സുഖം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. യാത്രകള്‍ നടത്താന്‍ പലര്‍ക്കും സമയവും സാഹചര്യവും അനുകൂലമാകാറില്ല. എല്ലാവരും വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിയപ്പോള്‍ അമേരിക്കയിലെ ഒരു കുടുംബം വീടിനു പുറത്ത് മനോഹരമായൊരു അന്തരീക്ഷമുണ്ടാക്കുന്ന തിരക്കിലായിരുന്നു.
ഒരു പഴയ സ്‌കൂള്‍ ബസ് മോടിപിടിപ്പിച്ച് മനോഹരമായ മൂന്നു ബെഡുള്ള ഒരു സഞ്ചരിക്കുന്ന വീടാക്കി മാറ്റി ഈ കുടുംബം. ലോക്ക് ഡൗണ്‍ കാലത്താണ് എലിസബത്ത് സ്‌പൈക്കും ഭര്‍ത്താവ് സ്‌പൈക്കും അവരുടെ രണ്ട് കുട്ടികളും ഒരു ചെറിയ യാത്ര നടത്താന്‍ തീരുമാനിച്ചത്.
പക്ഷേ, അവര്‍ ഒരു സാധാരണ കാറോ വാനോ അല്ല യാത്രയ്‌ക്കായി എടുത്തത്. ഒരു പഴയ സ്‌കൂള്‍ ബസ് രൂപം മാറ്റിയാണ്. മൂന്ന് കിടക്കകളും മറ്റ് സൗകര്യങ്ങളും അടങ്ങുന്ന ഒരു മൊബൈല്‍- ഹോമായി പഴയ സ്‌കൂള്‍ ബസ് മാറ്റി. 15,000 ഡോളര്‍ ചെലവഴിച്ച് ആയിരുന്നു സ്‌കൂള്‍ ബസ് വീടാക്കിയത്. എലിസബത്തും സ്‌പൈക്കും 2020 ജൂണില്‍ യാത്രയും ആരംഭിച്ചു.
ചെറുപ്പം മുതല്‍ ഇങ്ങനൊരു സ്വപ്നം ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാരണം സ്‌കൂളുകള്‍ അടച്ചതും മറ്റു ജോലികള്‍ ചെയ്യാനുള്ള സാഹചര്യമില്ലാതാകുകയും ചെയ്തതോടെ അവര്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയായിരുന്നു.
കുട്ടികള്‍ക്കായി ഒരു ബങ്ക് ബെഡിനൊപ്പം ഒരു ക്വീന്‍ സൈസ് വലുപ്പമുള്ള ബെഡും ബസില്‍ ഇവര്‍ ഒരുക്കി. ഷവര്‍ റൂം, ഒരു ചെറിയ അടുക്കള എന്നിവയും ഉണ്ട്. ബസ് തയ്യാറായതിനുശേഷം ഈ കുടുംബം 16 -ലധികം അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു.