/sathyam/media/post_attachments/z9UkJv1ivbxXd2G1WH3m.jpg)
ജനന നിരക്ക് കുറയുന്നതിനെത്തുടര്‍ന്ന് ശമ്പളത്തോടെ ഒരു വര്‍ഷം പ്രസവാവധി അനുവദിച്ച് ചൈനയിലെ ഷാങ്ഷി പ്രവിശ്യ. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ അടുത്തിടെ ജനസംഖ്യയില്‍ കാര്യമായ ഇടിവ് സംഭവിച്ചതായുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം പ്രാബല്യത്തിലാക്കാനൊരുങ്ങുന്നത്.
നിലവില്‍ 168 ദിവസമാണ് ചൈനയിലെ പ്രസവാവധി. ഇതോടൊപ്പം പിതാവിനും മുപ്പത് ദിവസത്തെ അവധി അനുവദിക്കാനും നിയമത്തില്‍ വകുപ്പുണ്ട്. മൂന്നാമത്തെ കുട്ടിയുള്ളവര്‍ക്കാണ് പിതാവിനും ശമ്പളത്തോടെയുള്ള അവധി ലഭിക്കുക.
ചൈനയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടി നയം 2016ല്‍ സര്‍ക്കാര്‍ തിരുത്തിയിരുന്നു. രണ്ട് കുട്ടികള്‍ എന്നാക്കി നിയമം പരിഷ്‌കരിച്ചെങ്കിലും ജനന നിരക്കില്‍ ഇടിവ് തുടര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് കുട്ടികള്‍ വരെയാകാമെന്നും ശമ്പളത്തോടെ ഒരു വര്‍ഷം വരെ പ്രസവാവധി അനുവധിക്കുമെന്നുമുള്ള വ്യവ്യസ്ഥയില്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രസിഡന്റ് പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്ന് ചൈന മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. അതിനു ശേഷം ചൈനയിലെ 14 പ്രവിശ്യകള്‍ പ്രാദേശിക കുടുംബാസൂത്രണ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയോ അധിക പ്രസവ അവധിയോ പിതൃത്വ അവധിയോ നല്‍കുന്നതിന് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് പൊതുജനാഭിപ്രായം തേടുകയോ ചെയ്തിട്ടുണ്ട്.
ചൈനയുടെ വിദൂര വടക്കുകിഴക്കന്‍ മേഖലയിലെ ജനനനിരക്ക് ശരാശരിയിലും താഴെയുള്ളതിനാല്‍ അതിര്‍ത്തി നഗരങ്ങളിലെ ദമ്പതികള്‍ക്ക് നാല് കുട്ടികള്‍ വരെയാകാമെന്നും നിയമമുണ്ട്. ഒറ്റക്കുട്ടി നയം ചൈന തിരുത്തിയെങ്കിലും ചൈനയിലെ നഗരങ്ങളില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള താരതമ്യേന ഉയര്‍ന്ന ചിലവ് തിന് തിരിച്ചടിയാകുന്നുണ്ട്. ജനന നിരക്കില്‍ രേഖപ്പെടുത്തിയ കുറവിന് ഇതും കാരണമാണ്.
അതേസമയം കൂടുതല്‍ കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമത്തില്‍ പലവിധത്തിലുള്ള ഭേദഗതികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. മൂന്ന് വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളുള്ള ദമ്പതികള്‍ക്കായി ഒരു പുതിയ രൂപത്തിലുള്ള അവധി നയം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തെക്കന്‍ ദ്വീപ് പ്രവിശ്യയായ ഹൈനാനില്‍ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ വീതം കുട്ടികളെ നോക്കാനായി അവധി അനുവദിക്കും.