'റസ്റ്റിന്റെ' ലൊക്കേഷനില്‍ വീണ്ടും അപകടം; മാരക വിഷമുള്ള ചിലന്തിയുടെ കടിയേറ്റ് പ്രൊഡക്ഷന്‍ വര്‍ക്കര്‍ ആശുപത്രിയില്‍; കൈ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍; അപകടം അലക് ബാള്‍ഡ്വിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചതിനു പിന്നാലെ

New Update

publive-image

'റസ്റ്റ്' ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും അപകടം. ഷൂട്ടിംഗിന് ശേഷം സെറ്റ് അടയ്ക്കാന്‍ സഹായിക്കുന്നതിനിടെ അപകടകരമായ വിഷമുള്ള ചിലന്തി കടിച്ചു പ്രൊഡക്ഷന്‍ വര്‍ക്കറിലൊരാള്‍ ഗുരുതരാവസ്ഥയില്‍. ലാമ്പ് ഓപ്പറേറ്ററും പൈപ്പ് റിഗ്ഗറുമായ ജേസണ്‍ മില്ലറെയാണ് മാരക വിഷമുള്ള തവിട്ടുനിറത്തിലുള്ള ചിതന്തി കടിച്ചതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ചിലന്തിയുടെ കടിയേറ്റ മില്ലറിന് കയ്യില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ മാരക വിഷമുള്ള ചിലന്തിയുടെ കടിയാണ് ഏറ്റതെന്ന് മനസ്സിലായി. ഇതിനകം മില്ലറുടെ കയ്യില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. വിഷം മാരകമായതിനാല്‍ കടിയേറ്റ കൈ മുറിച്ചു കളയേണ്ടി വരുമെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ട്.

publive-image

അണുബാധ തടയാനും കൈമുറിച്ചു മാറ്റാനിടയാകാതിരിക്കാനുമായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആശുപത്രിയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചിത്രത്തിന്റെ പ്രതിനിധികള്‍ ഇതു സംബന്ധിച്ച പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. സിനിമാ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തീരെ ശ്രദ്ധയില്ലാതെയാണെന്ന വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മില്ലറുടെ അപകടം.

നേരത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ അലക് ബാള്‍ഡ്വിന്റെ വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ ഹലൈന ഹച്ചിസ് മരിച്ചത് ഏറെ ദുഖകരമായിരുന്നു. ചിത്രീകരണത്തിനിടെ അലക് ബാള്‍ഡ്വിന്റെ കയ്യില്‍ നിന്ന് അബദ്ധവശാല്‍ വെടിപൊട്ടിയാണ് സിനിമാട്ടോഗ്രാഫര്‍ മരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ജോയലിനും വെടിയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രീകരണത്തിന് തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് വന്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു.

Advertisment