/sathyam/media/post_attachments/b0oG2LdFx1NOwd5NXygE.jpg)
ടിക്‌ടോക്കില്‍ വൈറലായ ഹാന്‍ഡ് സിഗനല്‍ ഉപയോഗിച്ച് സ്വന്തം ജീവന്‍ രക്ഷിച്ച് പതിനാറു വയസ്സുകാരി. നവംബര്‍ രണ്ട് ചൊവ്വാഴ്ച യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നാണ് കൗമാരക്കാരിയെ കാണാതായത്. പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ കുടുംബാംഗങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പോലീസിന് തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
പെണ്‍കുട്ടിയെ ഒരു വൈറ്റ് ടൊയോട്ട കാറിലാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയത്. ഈ കാറില്‍ യാത്ര ചെയ്യവെ പെണ്‍കുട്ടി മറ്റൊരു വഴിയാത്രക്കാരനോട് ഹാന്‍ഡ് സിഗ്നല്‍ ഉപയോഗിച്ച് സഹായം തേടുകയായിരുന്നു. അക്രമിക്ക് മനസ്സിലാകാത്ത രീതിയില്‍ താന്‍ അപകടത്തില്‍ പെട്ടിരിക്കുകയാണെന്നും എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്നും വ്യക്തമാക്കുന്ന ആംഗ്യമാണ് പെണ്‍കുട്ടി യാത്രക്കാരനോട് കാണിച്ചത്.
കാര്യം മനസ്സിലായ വഴിയാത്രക്കാരന്‍ ഉടന്‍ തന്നെ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഒരു വൈറ്റ് ടൊയോട്ട കാര്‍ തനിക്ക് മുന്‍പിലുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതായി സംശയിക്കുന്നുവെന്നും യാത്രക്കാരന്‍ പോലീസിനെ അറിയിച്ചു. താന്‍ ആ വാഹനത്തെ പിന്തുടരുകയാണെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.
പിന്നീട് കാറിനെ പിന്തുടര്‍ന്ന യാത്രക്കാരന്‍ കൃത്യമായി ലൊക്കേഷന്‍ പോലീസിനെ അറിയിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച് വാഹനം ഒരു ഹൈവേയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ലോറല്‍ കൗണ്ടി ഡിറ്റക്ടീവുകളും ഡെപ്യൂട്ടിമാരും വാഹനം തടഞ്ഞുനിര്‍ത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയിംസ് ഹെര്‍ബര്‍ട്ട് ബ്രിക്ക് എന്ന 61 കാരനാണ് പ്രതി.
അന്വേഷണത്തില്‍, പ്രായപൂര്‍ത്തിയാകാത്ത സ്ത്രീയെ ലൈംഗികമായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ബ്രിക്കിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തി. 12 വയസ്സിന് മുകളിലുള്ളതും എന്നാല്‍ 18 വയസ്സിന് താഴെയുള്ളതുമായ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഫോട്ടോകള്‍ കൈവശം വെച്ചതിനും നിയമവിരുദ്ധമായി പെണ്‍കുട്ടിയെ തടവിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ വിമന്‍സ് ഫൗണ്ടേഷനാണ് ഹാന്‍ഡ് സിഗ്നല്‍ ആംഗ്യം അവതരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നേരിട്ട് സഹായം ചോദിക്കാന്‍ കഴിയാതെ വരുമ്പോള്‍ തങ്ങള്‍ അപകടത്തിലാണെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ സ്ത്രീകള്‍ ഈ സിഗ്നല്‍ ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us