Advertisment

"ഞാന്‍ അരികിലിരുന്ന് അവളുടെ കൈപിടിച്ചു, നെറുകയില്‍ ചുംബിച്ചു, വെറുതെ നോക്കി കരഞ്ഞു, അവളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ടെന്ന് അവളോട് പറഞ്ഞു"; അമേരിക്കയില്‍ ക്രിസ്മസ് പരേഡില്‍ വാഹനമിടിച്ചു കയറിയുണ്ടായ അപകടത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പതിനൊന്നുകാരി ജെസ്സലിന്റെ അമ്മയുടെ കണ്ണീര്‍ക്കുറിപ്പ്...

New Update

publive-image

Advertisment

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡ് കൂട്ടക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പതിനൊന്നു വയസ്സുകാരി ജെസ്സലിന്‍ ടോറസ്. പരേഡ് നടക്കുന്നതിനിടയിലേക്ക് അക്രമി വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നവംബര്‍ 21 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ ഒരാളാണ് ജെസ്സലിന്‍ ടോറസ്.

അബോധാവസ്ഥയിലുള്ള ജെസ്സലിന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്.

അമേരിക്കയില്‍ കഴിഞ്ഞ ദിവസം താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിച്ചപ്പോള്‍ ആശുപത്രിക്കിടക്കയില്‍ മകള്‍ക്കരികിലിരുന്ന് ജസ്സലിന്റെ അമ്മ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തി വൈറലായിരുന്നു. ഒരമ്മയും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു പോകരുതെന്ന് ആംബര്‍ കോന്‍കെ എഴുതി. ഇത് താങ്ങാന്‍ കഴിയാത്ത പരീക്ഷണമാണ്. എല്ലാവരോടുമൊപ്പം സന്തോഷത്തോടെ താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിക്കേണ്ടിയിരുന്ന ജെസ്സലിന്‍ ആരെയും തിരിച്ചറിയാതെ തനിയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി നല്‍കിയ താങ്ക്‌സ്ഗിവിംഗ് ഡേ സന്ദേശത്തില്‍ ജെസ്സല്‍ ശ്വസിക്കാന്‍ പാടുപെടുന്നത് കാണുമ്പോഴുള്ള വേദനയെക്കുറിച്ച് ആംബര്‍ എഴുതി. 'ഞാന്‍ ഇവിടെ അരികിലിരുന്ന് അവളുടെ കൈപിടിച്ചു, അവളുടെ നെറുകയില്‍ ചുംബിച്ചു, വെറുതെ നോക്കി കരഞ്ഞു, അവളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ടെന്ന് അവളോട് പറഞ്ഞു' വേദനയോടെ ആംബര്‍ കുറിച്ചു.

നവംബര്‍ 21ന് ജെസ്സലിന്റെ ജീവിതം ദുരിതത്തിലാക്കിയ അപകടം നടന്നത്. ക്രിസ്മസ് പരേഡ് നടക്കുന്നതിനിടെ റെഡ് കളര്‍ എസ്‌യുവിയില്‍ എത്തിയ ഡാരെല്‍ ബ്രൂക്ക്സ് എന്ന അക്രമി മനപ്പൂര്‍വ്വം വാഹനം ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആറ് പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ അറുപതോളം പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. റോഡിന്റെ രണ്ട് വശത്തുമുണ്ടായിരുന്ന ആളുകളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടാണ് വാഹനം കടന്നു പോയത്.

ഒമ്പത് കുട്ടികള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അതില്‍ത്തന്നെ നാലു പേരുടെ നില അതീവ ഗുരുതരമാണ്. അതിലൊരാളാണ് ജെസ്സല്‍. കുട്ടിയുടെ ഇടുപ്പ്, തുടയെല്ല്, തലയോട്ടി എന്നിവയ്ക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. ശ്വാസകോശത്തില്‍ മുറിവുകള്‍ ഉണ്ടാകുകയും വൃക്കയ്ക്ക് ക്ഷതം ഏല്‍ക്കുകയും ചെയ്തു. നിലവില്‍ മറ്റ് മൂന്ന് കുട്ടികള്‍ അപകടനില തരണം ചെയ്തു കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജെസ്സല്‍ ആരെയും തിരിച്ചറിയാതെ വെന്റിലേറ്ററിന്റെ സഹായത്താല്‍ മരണത്തോട് മല്ലടിക്കുകയാണ്.

Advertisment