പ്ലാസ്റ്റിക് പ്രതിമയാണെന്ന് കരുതി ജീവനുള്ള മുതലയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു; പോസ് ചെയ്തു കഴിഞ്ഞപ്പോള്‍ വിനോദ സഞ്ചാരിയെ കടിച്ചെടുത്ത് വെള്ളത്തില്‍ ചാടി മുതല; അപകടത്തില്‍ പെട്ടത് ഫിലിപ്പീന്‍സിലെ 68കാരന്‍

author-image
ജൂലി
New Update

publive-image

പ്ലാസ്റ്റിക് പ്രതിമയാണെന്ന് കരുതി ജീവനുള്ള മുതലയ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത 68കാരന്‍ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തില്‍. ഫിലിപ്പീന്‍സില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ നെഹീമിയാസ് ചിപ്പഡ എന്ന വയോധികനാണ് അപകടത്തില്‍ പെട്ടത്. ചിപ്പഡ ഫിലിപ്പൈന്‍സിലെ കഗയാന്‍ ഡി ഓറോ സിറ്റിയിലെ അമയ വ്യൂ അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

Advertisment

പാര്‍ക്ക് ചുറ്റിക്കാണുന്നതിനിടെ മനോഹരമായ കുളവും അതിലൊരു ഭീമാകാരനായ മുതലയേയും കണ്ടപ്പോള്‍ ചിപ്പഡ കരുതിയത് മുതല പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പ്രതിമയായിരിക്കുമെന്നാണ്. പ്രതിമയുടെ ഭംഗി ആസ്വദിക്കാന്‍ അടുത്തെത്തിയ ചിപ്പഡ ചേര്‍ന്നു നിന്ന് ഒരു ഫോട്ടോയുമെടുത്തു. അതുവരെ അനങ്ങാതെ നിന്ന മുതല ഫോട്ടോയെടുത്ത നിമിഷം ചിപ്പഡയുടെ കയ്യില്‍ കടിച്ചുവെള്ളത്തിലേക്ക് വലിച്ചിട്ടു.

മുതല സഞ്ചാരിയുമായി വെള്ളത്തിലേക്ക് ചാടുന്നത് കണ്ടതോടെ കൂടിനിന്നവര്‍ നിലവിളിച്ചു. ചിപ്പഡയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. നിലവിളി കേട്ട് എത്തിയ റൊജെലിയോ പാമിസ ആന്റിഗ എന്ന വ്യക്തിയാണ് ക്യാമറയില്‍ ഈ ഭീകര ദൃശ്യം പകര്‍ത്തിയത്. തനിക്കദ്ദേഹത്തെ രക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിലും മുതലയുടെ ഭീകരത കണ്ട് അതിനു ശ്രമിക്കാന്‍ ധൈര്യം കിട്ടിയില്ലെന്ന് റൊജെലിയോ പറഞ്ഞു.

എന്തോ ഭാഗ്യത്തിന് ചിപ്പഡയ്ക്ക് മുതലയുടെ പിടി വിടുവിച്ച് നീന്തി രക്ഷപ്പെടാന്‍ സാധിച്ചു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കയ്യില്‍ നടത്തിയ സര്‍ജറിക്ക് ശേഷം ഇദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. അതേസമയം അമേയ അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെ ചിപ്പഡയുടെ കുടുംബം പരാതി ഉന്നയിച്ചു. കുളത്തിന്റെ പരിസരത്ത് യാതൊരു സുരക്ഷാ ബോര്‍ഡുകളും വെക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

മുതലയുണ്ട് സൂക്ഷിക്കണം എന്ന ബോര്‍ഡുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ അങ്ങോട്ട് പോവില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച പാര്‍ക്ക് അധികൃതര്‍ മുതലയെ മനസ്സിലാക്കാന്‍ കഴിയാതെ പോയത് തങ്ങളുടെ കുറ്റമല്ലെന്ന് വാദിച്ചു. പാര്‍ക്കിലെ സെക്യൂരിററി ഗാര്‍ഡുകള്‍ എല്ലാവര്‍ക്കും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവിച്ച അപകടത്തില്‍ ഖേദപ്രകടനം നടത്തിയ അധികൃതര്‍ ചിപ്പഡയുടെ ആശുപത്രി ചിലവ് തങ്ങള്‍ നല്‍കാമെന്നും അറിയിച്ചു.

Advertisment