Advertisment

പതിമൂന്നുകാരന്റെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു; അപകടം നടന്നത് വീട്ടില്‍ നിയമവിരുദ്ധമായി തോക്കുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതിനിടെ; ഓണ്‍ലൈനായി തോക്കിന്റെ ഭാഗങ്ങള്‍ വാങ്ങി വീട്ടില്‍ വെച്ച് നിര്‍മ്മിച്ച് രഹസ്യമായി വില്‍ക്കും

New Update

 

Advertisment

publive-image

പതിമൂന്നുകാരന്റെ വെടിയേറ്റ് പതിനാല് വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ടു. ജോര്‍ജിയ സ്വദേശിയായ പതിമൂന്നുകാരനാണ് അബദ്ധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മറ്റ് രണ്ട് പേര്‍ക്ക് നേരെയാണ് കുട്ടി നിറയൊഴിച്ചത്.

എന്നാല്‍ വെടികൊണ്ടത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെ ദേഹത്തായിരുന്നു. പതിമൂന്നുകാരന്റെ സഹോദരിയായ കൈറ സ്‌കോട്ട് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ തന്നെ നിയമവിരുദ്ധമായി തോക്കുകള്‍ ഉണ്ടാക്കി വില്‍ക്കുകയായിരുന്നു പതിമൂന്നുകാരന്‍ എന്ന് പോലീസ് കണ്ടെത്തി.

publive-image

ഓണ്‍ലൈനായി വാങ്ങാന്‍ ലഭിക്കുന്ന തോക്കിന്റെ വിവിധ ഭാഗങ്ങള്‍ വാങ്ങിയ ശേഷം ഇവ ചേര്‍ത്ത് ഗോസ്റ്റ് ഗണ്ണുകള്‍ നിര്‍മ്മിച്ച് ഇവ രഹസ്യമായി വില്‍ക്കുകയായിരുന്നു പതിമൂന്നുകാരന്‍. ഈ തോക്കുകള്‍ വാങ്ങാന്‍ പലരും എത്താറുണ്ട്. ഇങ്ങനെ രഹസ്യമായി തോക്ക് വാങ്ങാന്‍ എത്തിയ രണ്ടുപേര്‍ കുട്ടിയുമായി തര്‍ക്കത്തിലാവുകയും തോക്ക് അപഹരിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ സമയം ആണ്‍കുട്ടി ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടി വെക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ഒഴിഞ്ഞുമാറുകയും പകരം വീട്ടിലുണ്ടായിരുന്ന കൈറയുടെ ദേഹത്ത് വെടിയേല്‍ക്കുകയുമായിരുന്നു. പോലീസ് ഉടന്‍ തന്നെ കുട്ടിയെ അറസ്റ്റ് ചെയ്തു. വെടിവയ്പ്പ് നടത്തിയതായി കുട്ടി സമ്മതിക്കുകയും ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

തോക്ക് വാങ്ങാനെത്തിയ രണ്ട് പേരില്‍ ഒരാളായ യൂസഫ് ജബ്രിയില്‍ മക്ആര്‍തര്‍ എല്‍ (19) അറസ്റ്റിലാവുകയും ഇയാള്‍ക്കെതിരെ മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

കൊല്ലപ്പെട്ട കൈറ ചാപ്പല്‍ ഹില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. 'ഇത് വളരെ സങ്കടകരമാണ്. കാരണം അമ്മയ്ക്ക് ഒരേ സമയം രണ്ട് കുട്ടികളെ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് ഡഗ്ലസ് കൗണ്ടി ഷെരീഫ് ടിം പൗണ്ട്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുട്ടി വീട്ടില്‍ നിയമവിരുദ്ധമായി ആയുധങ്ങള്‍ നിര്‍മ്മിച്ച് അത് ഡഗ്ലസ് കൗണ്ടി, കരോള്‍ കൗണ്ടി, അറ്റ്‌ലാന്റയിലെ തെരുവുകള്‍ എന്നിങ്ങനെ എല്ലായിടത്തും വില്‍ക്കുകയായിരുന്നുവെന്നും പൗണ്ട്‌സ് പറഞ്ഞു. പതിമൂന്നുകാരന്‍ എത്ര തോക്കുകള്‍ ഉണ്ടാക്കിയെന്നും വീട്ടിലെ മറ്റുള്ളവര്‍ക്ക് അവയെക്കുറിച്ച് അറിയാമായിരുന്നോ എന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ലെഫ്റ്റനന്റ് ജോണ്‍ മൗനി പറഞ്ഞു.

ചില പ്രധാന നഗരങ്ങളില്‍ ഗോസ്റ്റ് ഗണ്ണുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .2016 നും 2020 നും ഇടയില്‍, നിയമപാലകര്‍ അത്തരം 23,000-ലധികം തോക്കുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisment