നിയമ വിരുദ്ധമായി ഗ്രൂപ്പ് ഹോം നടത്തി എട്ടോളം ആളുകളെ തടവില്‍ പാര്‍പ്പിച്ചു! പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

New Update

publive-image

അറ്റ്‌ലാന്റ: നിയമ വിരുദ്ധമായി ഗ്രൂപ്പ് ഹോം നടത്തി എട്ടോളം ആളുകളെ തടവില്‍ പാര്‍പ്പിച്ച പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. അറ്റ്‌ലാന്റയില്‍ നിന്ന് തെക്ക് നഗരമായ ഗ്രിഫിനിലെ കര്‍ട്ടിസ് കീത്ത് ബാങ്ക്സ്റ്റണും (55) ഭാര്യ സോഫിയ ബാങ്ക്സ്റ്റണും (56) ആണ് അറസ്റ്റിലായത്. പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്ന വീട്ടില്‍ എട്ടോളം ആളുകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി.

Advertisment

പള്ളി എന്ന് അവകാശപ്പെട്ട് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ലൈസന്‍സില്ലാത്ത 'ഗ്രൂപ്പ് ഹോം' നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇവിടെ തടവിലാക്കപ്പെട്ട എട്ടു പേരും മാനസികമായും ശാരീരികമായും വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു. പ്രാര്‍ത്ഥിക്കാനും സുഖപ്പെടുത്താനും എന്ന പേരില്‍ ഇവിടെ താമസിപ്പിച്ചിരിക്കുന്ന ആളുകളുടെ സമ്പത്ത് പാസ്റ്ററും ഭാര്യയുമാണ് ചെലവഴിച്ചിരുന്നത്.

വൈകല്യമുള്ളവര്‍ എന്ന നിലയില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന പൊതു ആനുകൂല്യങ്ങളും പാസ്റ്ററും ഭാര്യയും ചേര്‍ന്ന് കൈക്കലാക്കി. 25 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ് തടവിലാക്കപ്പെട്ടിരുന്നത്. കര്‍ട്ടിസ് ബാങ്ക്സ്റ്റണിനെയും ഭാര്യ സോഫിയ ബാങ്ക്സ്റ്റണിനെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. തടവിലാക്കപ്പെട്ടവരില്‍ പലരും രോഗികളായിരുന്നു. ഇവര്‍ക്ക് യഥാസമയം മരുന്നുകളും വൈദ്യ ശുശ്രൂഷയും ലഭിച്ചിരുന്നില്ലെന്നും ഇവരുടെ സമ്മതമില്ലാതെയാണ് തടവിലാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

തടവിലാക്കപ്പെട്ടവരില്‍ ഒരാള്‍ക്ക് അപസ്മാരം വന്നപ്പോള്‍ ഇയാളെ പുറത്തെടുക്കുന്നതിനാണ് പാസ്റ്ററും ഭാര്യയും പോലീസിന്റെ സഹായം തേടിയത്. പോലീസ് എത്തി വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ ഇത് ലോക്ക് ചെയ്തിരിക്കുന്നതായി കണ്ടു. പിന്നീട് ജനല്‍ വഴിയാണ് പോലീസ് തടവുകാര്‍ക്കരികില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പാസ്റ്ററേയും ഭാര്യയേയും അറസ്റ്റ് ചെയ്തത്.

Advertisment