സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി പണമാവശ്യപ്പെട്ട ശേഷം രക്ഷിക്കാനെത്തിയ സഹോദരനെ കൊലപ്പെടുത്തി; പതിനെട്ടുകാരിയും കാമുകനും അറസ്റ്റില്‍

author-image
ജൂലി
New Update

publive-image

സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി പണമാവശ്യപ്പെട്ട ശേഷം രക്ഷിക്കാനെത്തിയ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പതിനെട്ടുകാരി അറസ്റ്റില്‍. ന്യൂ മെക്സിക്കോയിലെ അന്ന ബെല്ല ഡ്യൂക്സ് എന്ന പതിനെട്ടുകാരിയാണ് അറസ്റ്റിലായത്. 24കാരനായ മുന്‍ കറക്ഷന്‍ ഓഫീസര്‍ ഏലിയാസ് ഒട്ടെറോയെ കൊലപ്പെടുത്തിയ കേസിലാണ് അന്ന ബെല്ല അറസ്റ്റിലായതെന്ന് അല്‍ബുക്കര്‍ക് പോലീസ് അറിയിച്ചു.

Advertisment

സ്‌നാപ്ചാറ്റിലൂടെ ഒരു യുവാവുമായി പരിചയം സ്ഥാപിച്ച ശേഷം അന്ന ബെല്ല ഇയാളുമായി സൗഹൃദമുണ്ടാക്കുകയും പിന്നീട് നേരില്‍ കാണാനെന്ന വ്യാജേനെ അല്‍വാറാഡോ പാര്‍ക്കിലേക്ക് യുവാവിനെ ക്ഷണിക്കുകയും ചെയ്തു. ക്ഷണം സ്വീകരിച്ച് യുവാവ് സ്ഥലത്തെത്തിയപ്പോള്‍ അവിടെ മൂന്ന് യുവാക്കളാണ് ഉണ്ടായിരുന്നത്. അവരുടെ കയ്യില്‍ ആയുധങ്ങളും ഉണ്ടായിരുന്നു.

മൂന്നു പേരും ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി കയ്യിലുള്ള പണവും ആഭരണങ്ങളും കൊള്ളയടിച്ച ശേഷം ഇയാളെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. പിന്നീട് യുവാവിന്റെ സഹോദരനെ ഫോണില്‍ വിളിച്ച് യുവാവിനെ ജീവനോടെ വേണമെങ്കില്‍ പണവുമായി വരാന്‍ ആവശ്യപ്പെട്ടു. ഏലിയാസ് ഒട്ടെറോയെയാണ് പ്രതികള്‍ ഫോണ്‍ വിളിച്ചത്. ഒട്ടെറോയുടെ സഹോദരന്‍ നിക്കോളാസിനെയാണ് പ്രതികള്‍ തടവിലാക്കിയത്.

പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം പണവുമായി എത്തിയ ഒട്ടെറോ വീടിനു പുറത്തെത്തിയ ശേഷം മര്യാദയ്ക്ക് സഹോദരനെ പുറത്തിറക്കി വിടാനും അല്ലെങ്കില്‍ എല്ലാവരേയും വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയം വീടിനു പുറത്തിറത്തിറങ്ങിയ അന്നാബെല്ലയുടെ കാമുകനായ പതിനേഴുകാരന്‍ അപ്രതീക്ഷിതമായി ഒട്ടെറോയെ വെടിവെക്കുകയായിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സായുധ കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അന്ന ബെല്ലയ്ക്കും കാമുകനുമെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment