വീണ്ടും വിഷപ്രയോഗം?; റഷ്യന്‍ കോടീശ്വരനും യുക്രൈന്‍ നയതന്ത്രജ്ഞര്‍ക്കും വിഷബാധയുടെ ലക്ഷണങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അനുയായിയും ശതകോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങള്‍. കണ്ണുകള്‍ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ വിഷബാധയുടേതാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

Advertisment

അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമിച്ച രണ്ട് യുക്രൈന്‍ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യന്‍ ധനികര്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഉപരോധങ്ങള്‍ മൂലം ബിസിനസില്‍ തിരിച്ചടി നേരിട്ടതോടെ അബ്രമോവിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വിഷപ്രയോഗം നടത്തുന്നുവെന്ന് മുന്‍പ് തന്നെ ആരോപണം നേരിടുന്ന മോസ്‌കോയ്ക്ക് നേരെ വീണ്ടും ലോകരാജ്യങ്ങളുടെ ചൂണ്ടുവിരല്‍ നീളുകയാണ്.

മാര്‍ച്ച് മൂന്നിന് കീവില്‍ വച്ച് നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് അബ്രമോവിച്ചിനും സമാധാനത്തിനായി ശ്രമിച്ച മറ്റ് രണ്ട് നയതന്ത്രജ്ഞര്‍ക്കും വിഷബാധയേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ മൂവരേയും കൊലപ്പെടുത്താനല്ല താക്കീത് നല്‍കാന്‍ മാത്രമാണ് വിഷപ്രയോഗത്തിലൂടെ ഇതിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടതെന്ന് ഇന്‍വെസ്റ്റിഗേറ്റര്‍ ക്രിസ്‌റ്റോ ഗ്രോസേവ് അഭിപ്രായപ്പെട്ടു. 2020ല്‍ പുടിന്റെ മുഖ്യവിമര്‍ശകനായ അലക്‌സി നവല്‍നിക്ക് നേരെ നടന്നത് മോസ്‌കോയുടെ വിഷപ്രയോഗമാണെന്ന് കണ്ടെത്തിയ സ്വതന്ത്ര ഇന്‍വെസ്റ്റിഗേറ്ററാണ് ക്രിസ്‌റ്റോ ഗ്രോസേവ്.

Advertisment