വിമാന യാത്രക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് എയര്‍ഹോസ്റ്റസിന്റെ തലക്കടിച്ച് ഇരുപതുകാരൻ; കേസെടുത്ത് അധികൃതർ, തലയില്‍ നടത്തിയ സര്‍ജറി മൂലം മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് അമ്മ, യുവാവിന് യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ലൈന്‍സ്, സംഭവം ഇങ്ങനെ

New Update

publive-image

കാലിഫോര്‍ണിയ: വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റില്‍ എയര്‍ ഹോസ്റ്റസിനെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഇരുപതുകാരനായ കാലിഫോര്‍ണിയ സ്വദേശി ബ്രയാന്‍ ഹ്‌സുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ട എയര്‍ഹോസ്റ്റസിനെ ബ്രയാന്‍ കൈമുട്ടുപയോഗിച്ച് തലയില്‍ ശക്തിയായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ബ്രയാന്റെ ഇടിയേറ്റ് എയര്‍ ഹോസ്റ്റസ് ബോധരഹിതയായെന്നും അവളുടെ മൂക്കില്‍ നിന്നും രക്തം വന്നുവെന്നും ദൃക്‌സാക്ഷികളായ മറ്റ് യാത്രക്കാര്‍ പോലീസിന് മൊഴി നല്‍കി.

സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പലതവണ നിര്‍ദ്ദേശിച്ച എയര്‍ഹോസ്റ്റസിനോട് തനിക്ക് ബാത്‌റൂമില്‍ പോകണമെന്ന് ബ്രയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോകാന്‍ സാധ്യമല്ലെന്നും ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കാനും എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് ബ്രയാന്‍ എയര്‍ ഹോസ്റ്റസിനെ മര്‍ദ്ദിച്ചത്.

അതേസമയം താന്‍ എയര്‍ഹോസ്റ്റസിനെ മര്‍ദ്ദിച്ചില്ലെന്നും അബദ്ധത്തില്‍ കൈ തട്ടി പരുക്ക് പറ്റിയതായിരിക്കുമെന്നാണ് ബ്രയാന്‍ നല്‍കിയ വിശദീകരണം. ബാത്‌റൂമില്‍ പോകാന്‍ എയര്‍ഹോസ്റ്റ്‌സ് അനുവദിച്ചില്ലെന്നും ബ്രയാന്‍ ആരോപിച്ചു. ന്യൂയോര്‍ക്കില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബ്രയാന്‍ മസ്തിഷ്‌ക സര്‍ജറിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

തലയിലെ സര്‍ജറിക്ക് ശേഷം ബ്രയാന്‍ വല്ലാതെ അസ്വസ്ഥനാണെന്നും തലയില്‍ ആരെങ്കിലും തട്ടി പരുക്കേല്‍ക്കുമോയെന്ന് സദാ ജാഗ്രതയിലാണെന്നും യാത്രയില്‍ കൂടെയുണ്ടായിരുന്ന ബ്രയാന്റെ അമ്മ പറഞ്ഞു. ബ്രയാന്‍ ബോധപൂര്‍വ്വം എയര്‍ഹോസ്റ്റസിനെ പരുക്കേല്‍പ്പിച്ചതല്ലെന്നും അബദ്ധവശാല്‍ സംഭവിച്ചതായിരിക്കാമെന്നും അമ്മ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാനം ഡെന്‍വറില്‍ അടിയന്തരമായി ഇറക്കുകയും ബ്രയാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എയര്‍ഹോസ്റ്റസിനെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ബ്രയാന്‍ ഹ്‌സുവിന് യാത്രാ വിലക്കേര്‍പ്പെടുത്തി.

NEWS
Advertisment