ഓഫീസിലെ മദ്യപാന പാര്‍ട്ടിയില്‍ നിന്നൊഴിവാക്കി; വനിതാജീവനക്കാരിക്ക് 72 ലക്ഷം നഷ്ടപരിഹാരം

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവേചനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലമാണിത്. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, ജാതി- മതം- നിറം- സാമ്പത്തിക വ്യത്യാസം- എന്നിങ്ങനെയെല്ലാം അടിസ്ഥാനപ്പെടുക്കി പല രീതിയില്‍ വിവേചനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന മനുഷ്യര്‍ നിരവധിയാണ്.

Advertisment

ഏത് കാരണത്തിന്‍റെ പേരിലായാലും കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതോ ഒറ്റപ്പെടുത്തുന്നതോ നിസാരമല്ലാത്ത മുറിവാണ് വ്യക്തികളുടെ മനസിലുണ്ടാക്കുക. അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.

യുകെ സ്വദേശിനിയായ അമ്പത്തിയൊന്നുകാരി നല്‍കിയ വ്യത്യസ്തമായ പരാതിയിന്മേല്‍ അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി. ഓഫീസില്‍ ജീവനക്കാര്‍ ഒത്തുചേരുന്ന മദ്യപാന പാര്‍ട്ടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നാണ് റീറ്റ ലെഹര്‍ എന്ന സ്ത്രീയുടെ പരാതി.

ഒരുപക്ഷേ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ പലരിലും ഇതൊക്കെ കേസ് കൊടുക്കാനും മാത്രമുള്ള കാര്യമാണോ എന്ന് വരെ സംശയമുണ്ടായേക്കാം.എന്നാലിത് ഗുരുതരമായ സംഭവം തന്നെയാണെന്നാണ് കോടതി ഇതില്‍ വിധിയെഴുതിയിരിക്കുന്നത്.

കറുത്ത വര്‍ഗക്കാരിയായ തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പലതരത്തില്‍ മേലുദ്യോഗസ്ഥരും കൂടെ ജോലി ചെയ്യുന്നവരും വിവേചനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ലെഹര്‍ കോടതിയെ ധരിപ്പിച്ചു. ഇത്രയധികം തൊഴിലനുഭവം ഉണ്ടായിട്ടും പ്രമോഷന്‍ ലഭിച്ചില്ലെന്നും, തനിക്ക് ശേഷം വന്നവര്‍ അടക്കം എത്രയോ സഹപ്രവര്‍ത്തകര്‍ക്ക് പ്രമോഷന്‍ ലഭിച്ചുവെന്നും പുതിയ ജീവനക്കാര്‍ക്കുള്ള പരിശീലനക്ലാസ് എടുക്കുന്നതില്‍ പോലും സീനിയര്‍ ആയ തന്നെ തെരഞ്ഞെടുക്കാറില്ലെന്നും ലെഹര്‍ കോടതിയില്‍ അറിയിച്ചു.

പ്രമേഷന് വേണ്ടി അപേക്ഷ നല്‍കിയപ്പോഴെല്ലാം അത് തഴയപ്പെട്ടു. പ്രമോഷന്‍ കിട്ടുന്നവരില്‍ കറുത്തവര്‍ഗക്കാര്‍ ഇല്ല. ഇത്തരത്തില്‍ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് നേരിട്ട വംശീയതയ്ക്ക് കണക്കില്ല.-ലെഹര്‍ കോടതിയില്‍ പറഞ്ഞു.

ഇതിനിടെയാണ് ലെഹറിന് മുന്നില്‍ വച്ചുതന്നെ മറ്റ് ജീവനക്കാരെല്ലാം ഡ്യൂട്ടിക്ക് ശേഷം പാര്‍ട്ടിക്കായി ഒത്തുചേരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തത്. ഏവരും മദ്യപാന പാര്‍ട്ടിയില്‍ ഒത്തുചേരാമെന്ന് തീരുമാനിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നിട്ട് പോലും തന്നെ ആരും പരിഗണിച്ചില്ല അത് തന്‍റെ മനസിനെ അത്രമാത്രം മുറിവേല്‍പിച്ചു എന്നാണ് ലെഹര്‍ അറിയിച്ചത്.

ഇത്തരത്തിലുള്ള വംശീയ വിവേചനങ്ങള്‍ ലോകത്തിന്‍റെ പലയിടങ്ങളിലും കറുത്ത വര്‍ഗക്കാരോ, ജാതിയിലോ സമ്പത്തിലോ പിന്നിലാക്കപ്പെട്ടവരോ നേരിടുന്നുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിക്കൊണ്ട് ലെഹറിന് 72 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കാനാണ് കമ്പനിയോട് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒപ്പം തന്നെ ഇവരുടെ പരാതി ന്യായമുള്ളതും പ്രസക്തിയുള്ളതുമാണെന്നും അവരുടെ മനസിനേറ്റ മുറിവിനാണ് തങ്ങള്‍ നീതി നല്‍കുന്നതെന്നും കോടതി അറിയിച്ചു.

Advertisment