ഗർഭച്ഛിദ്ര മരുന്നുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍ തിരക്ക്. ഫോണ്‍ വഴി വൈദ്യപരിശോധന നടത്തി ഗർഭച്ഛിദ്ര മരുന്നുകള്‍ നല്‍കുന്ന സൈറ്റുകളിലാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ മാത്രം 53 ലക്ഷം വെബ് വിസിറ്റുകളാണ് ഈ സൈറ്റുകളില്‍ ഉണ്ടായിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗർഭച്ഛിദ്ര അനുകൂല നിയമം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന ജൂണ്‍ 24ന് ടെലിഹെല്‍ത്ത് അബോര്‍ഷന്‍ സൈറ്റുകളിലെ വിസിറ്റ് മുന്‍ ദിവസത്തെ അപേക്ഷിച്ച് 2,585 ശതമാനമാണ് കുതിച്ചുയര്‍ന്നത്. തൊട്ടടുത്ത ദിവസവും ട്രാഫിക്കില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിന്റെ കരട് ചോര്‍ന്നതിന് പിന്നാലെ ഇത്തരം വെബ് സൈറ്റുകളിലെ ട്രാഫിക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 456 ശതമാനം വര്‍ധനവുണ്ടായിരുന്നു.
ചോയിക്‌സ്, ഹേ ജേന്‍, ജസ്റ്റ് ദ പില്‍ തുടങ്ങി അടുത്തിടെ ആരംഭിച്ച കമ്പനികളുടെ വെബ് സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും വലിയ തോതില്‍ ട്രാഫിക്ക് വര്‍ധിച്ചു. ടെലി മെഡിസിന്‍ വഴി വ്യക്തികളുമായി സംസാരിച്ച ശേഷം മരുന്ന് തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുകയാണ് ഇത്തരം കമ്പനികളുടെ രീതി. ചോയിക്‌സിന്റെ വെബ് ട്രാഫിക്കില്‍ ഈ കോടതി ഉത്തരവ് വന്നതിന് ശേഷം 600 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. സാധാരണ ദിവസങ്ങളില്‍ 20-25 അപ്പോയിന്‍മെന്റുകള്‍ ലഭിച്ചിരുന്ന ജസ്റ്റ് ദ പില്ലില്‍ 260 അപ്പോയിന്‍മെന്റുകള്‍ക്കുള്ള അപേക്ഷയാണ് ഒരൊറ്റ ദിവസം കൊണ്ട് വന്നത്. ഹേ ജേനിന്റെ സൈറ്റ് ട്രാഫിക്കില്‍ പത്തിരട്ടിയുടെ വര്‍ധനവും സംഭവിച്ചു.
ജസ്റ്റ് ദ പില്‍ പുതിയ സാഹചര്യത്തില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ തുടങ്ങാനും പദ്ധതിയിടുന്നുണ്ട്. ഗർഭച്ഛിദ്ര അനുകൂല നിയമം പിന്‍വലിക്കുന്നത് കര്‍ശനമായി നടപ്പാക്കാത്ത അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലാണ് മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുക. ഇതുവഴി ഗർഭച്ഛിദ്രം കര്‍ശനമായി നടപ്പാക്കുന്ന സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെ തന്നെ ചികിത്സ ലഭിക്കുകയും ചെയ്യും. കൊളറാഡോയില്‍ അടുത്ത ആഴ്ചയിലാണ് ജസ്റ്റ് ദപില്ലിന്റെ ആദ്യ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുക.