ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെക് വ്യവസായം കഴിഞ്ഞ വര്‍ഷം യുഎസില്‍ നേരിട്ട് നിയമനം നല്‍കിയത് 2,07,000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ 103 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കിയതായും നാസ്‌കോം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 106,360 ഡോളറാണ് ശരാശരി വേതനമായി നല്‍കിയത്. 2017ന് ശേഷം 22 ശതമാനം തൊഴില്‍ വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ടെക് വ്യവസായം നേരിട്ട് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ആകെ 396 ബില്യണ്‍ ഡോളര്‍ സെയില്‍സ് സൃഷ്ടിക്കാന്‍ സഹായിച്ചു. 16 ലക്ഷം തൊഴിലസവരങ്ങളാണ് സൃഷ്ടിച്ചത്. ഇതിലൂടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 198 ബില്യണ്‍ ഡോളറാണ് സംഭാവന ചെയ്തത്. 2021ലെ 20 യുഎസ് സ്‌റ്റേറ്റുകളുടെ സംയുക്ത സമ്പദ്‌വ്യവസ്ഥയെക്കാള്‍ വലുതാണ് ഇതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇന്ത്യന്‍ ടെക് സെക്ടര്‍ 75 ശതമാനത്തിലധികം 'ഫോര്‍ച്യൂണ്‍ 500 കമ്പനികളു'മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു. ഇവയില്‍ ഭൂരിഭാഗവും യുഎസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇവ ഡിജിറ്റല്‍ കാലത്തിലെ നിര്‍ണായക വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണെന്നും ദേബ്ജാനി ഘോഷ് വ്യക്തമാക്കി.
യുഎസിലെ സ്റ്റെം പൈപ്പ്‌ലൈന്‍ ( STEM pipeline) ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമായി ഇന്ത്യന്‍ ടെക്‌നോളജി കമ്പനികള്‍ ഏകദേശം 180 യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി കോളേജുകള്‍ തുടങ്ങിയവയുമായി പങ്കാളിത്തം വികസിപ്പിച്ചിട്ടുണ്ടെന്നും, 1.1 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കെ-12 സംരഭങ്ങള്‍ (K-12 initiatives) ക്കായി 3 മില്യണ്‍ ഡോളറിലധികം നല്‍കി. ഈ ശ്രമങ്ങള്‍ ഇതുവരെ യുഎസിലെ 29 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, ഈ മേഖലയില്‍ നിലവിലുള്ള 2,55,000-ലധികം ജീവനക്കാര്‍ വൈദഗ്ധ്യം നേടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
യുഎസിലെ ഇന്ത്യൻ ടെക്നോളജി വ്യവസായം പരമ്പരാഗത ടെക് ഹബ് സംസ്ഥാനങ്ങൾക്ക് പുറത്ത് ടാലന്റ് പൂൾ വിപുലീകരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിന പോലുള്ള സംസ്ഥാനങ്ങളെ 'ടെക് ഹബ്ബു'കളാക്കി മാറ്റുന്നതിനും ഇത് സംഭാവന നല്‍കി. കഴിഞ്ഞ നൂറ്റാണ്ടില്‍, ഈ സംസ്ഥാനങ്ങളില്‍ തൊഴില്‍ നിരക്ക് 82 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
"ഇന്ത്യൻ ടെക്നോളജി വ്യവസായം പ്രാദേശിക നിക്ഷേപങ്ങളിലൂടെയും, നവീകരണത്തിനും തൊഴിൽ ശക്തിക്കും 'ഇന്ധനം' നൽകുന്നതിലൂടെയും, പ്രാദേശിക ജീവനക്കാര്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കുന്നതിലൂടെയും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവനകൾ നൽകുന്നു," ദേബ്ജാനി ഘോഷ് പറഞ്ഞു.