ന്യൂയോർക്ക്: ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയിൽ നിന്ന് തുടങ്ങി കാശ്മീർ വരെ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ന്യൂയോർക്ക് സിറ്റിയിലെ ടൈം സ്ക്വയർ തൊട്ട് യൂണിയൻ സ്ക്വയറിലെ ഗാന്ധി പ്രതിമ വരെ സംഘടിപ്പിച്ച മാർച്ചിൽ ആരോഗ്യസ്ഥിതിയും കാലാവസ്ഥയും കണക്കിലെടുക്കാതെ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമായി.
സമാധാനവും, സന്തോഷവും, ഐക്യവും പുലരും എന്ന പ്രതീക്ഷയിൽ ഇന്ത്യയിലെ ഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും രാഷ്ട്രീയത്തിനധീതമായ ലക്ഷക്കണക്കിനു ജനങ്ങളാണ് രാഹുൽ ഗാന്ധിയുടെ ജാഥയെ പ്രതീക്ഷയോടെ വരവേറ്റു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലയിലെ ജനങ്ങൾ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ ഒത്തു ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു ഭാരത പ്രതീതി അനുഭവപ്പെട്ടതാണ് ഏറെ ഹൃദ്യമായത്.
"തുല്യതയുടെയും ഐക്യത്തിന്റെയും സമാധാന യാത്ര" എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പദയാത്രക്ക് നേതൃത്വം നൽകിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും ഇന്ത്യയിൽ നാം ഇന്ന് അനുഭവിക്കുന്ന ടെലിക്കോം വിപ്ലവത്തിന്റെ സൂത്രധാരകനും, വളരെ മുമ്പ് നാട്ടിൽ നിന്നും കഷ്ടപ്പെട്ട് അമേരിക്കയിൽ വന്ന് ചിക്കാഗോ കേന്ദ്രമായി സാങ്കേതിക വ്യവസായ രാഗത്ത് ശോഭിക്കുന്ന വ്യക്തിയും ഐ.ഒ.സി ഗ്ലോബൽ ചെയർമാനുമായ സാം പിത്രോഡയാണ്.
ജോർജ് അബ്രഹാം, മൊഹീന്ദർ സിംഗ്, ഹർബച്ചൻ സിംഗ്, ലീലാ മാരാട്ട്, സതീഷൻ നായർ, ജയ ചന്ദ്രൻ, ചാക്കോച്ചൻ, യാക്കൂബ് ബാത്ത, അബ്ദു വി.ടി, ഷാജിത് അലി തുടങ്ങിയവർ നേതൃത്വം നൽകി. കഴിവുറ്റ ന്യൂയോർക്ക് സിറ്റി പോലീസ് (എൻ.വൈ.പി.ഡി) ജാഥക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി സഹായിച്ചു. ലോകം മുഴുവൻ ഉള്ള പ്രവാസി ഭാരതീയർ സ്വന്തം രാജ്യത്തിന് എത്രത്തോളം പ്രാധാന്യവും സ്നേഹവും കൽപ്പിക്കുന്നു എന്നതിന് ഒരു മകുടോദാഹരണം കൂടിയായി അമേരിക്കയിലെ ഈ ഇന്ത്യൻ ഒത്തു ചേരൽ.