Advertisment

ദിനോസറുകളുടെ നിഗൂഢമായ രതിജീവിതം; ശാസ്ത്രലോകത്തിന് ദിനോസറുകളുടെ രതിജീവിതങ്ങളെക്കുറിച്ച് വെളിപ്പെട്ട പുതുരഹസ്യങ്ങൾ 

author-image
admin
New Update

publive-image

Advertisment

പ്രത്യുത്പാദനം നടത്താൻ വേണ്ടിയെങ്കിലും ദിനോസറുകളും രതിയിലേർപ്പെട്ടു കാണുമല്ലോ. ഉണ്ടാവും എന്നുറപ്പാണ്. എന്നാൽ, കഴുത്തിലും, പുറത്തും, വാലിലുമെല്ലാം കൂർത്ത 'സ്പൈക്കുകൾ' വെച്ച് അവ എങ്ങനെ കാര്യങ്ങൾ സാധിച്ചു എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇന്നും വ്യക്തത പോര.

അതിനെപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാൻ, രതിയിലേർപ്പെടുമ്പോൾ മരണപ്പെട്ട ദിനോസർ മിഥുനങ്ങളുടെ ഒരു ഫോസിലും ഇന്നോളം ഒരു ഉദ്ഖനനത്തിലും കണ്ടെടുക്കപ്പെട്ടിട്ടില്ല. ലൈംഗിക ബന്ധത്തിനിടെ ജീവനോടെ മണ്മറഞ്ഞ നിലയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത് 4.7 കോടി വർഷം പ്രായമുള്ള രണ്ട് ആമകളുടെ ഫോസിലുകൾ മാത്രമാണ്.

publive-image

ഫോസിൽ പരുവത്തിലുള്ള എല്ലുകളിൽ നിന്ന് ഒരു ദിനോസർ ആണായിരുന്നോ പെണ്ണായിരുന്നു എന്നു പോലും കണ്ടെത്തുക കഷ്ടമാണ്. ദിനോസറുകളുടെ പെരുമാറ്റക്രമങ്ങളുടെ പ്രത്യേകതകൾ വെളിപ്പെടുത്തുന്ന ഫോസിലുകൾ തുലോം തുച്ഛമാണ്. എന്നാൽ, മറ്റു ജന്തുജീവി വർഗങ്ങളിൽ നടത്തപ്പെട്ട പഠനങ്ങളിൽ നിന്ന്, വിശേഷിച്ച് ചില പക്ഷികളെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളുടെ ബലത്തിൽ, ശാസ്ത്രലോകം ദിനോസറുകളുടെ രതിജീവിതങ്ങളെക്കുറിച്ചും ചില അനുമാനങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

ദിനോസറുകളിലെ ലിംഗഭേദം

പല ജീവിവർഗങ്ങളിലും ആൺ പെൺ വ്യത്യാസം കണ്ടെത്തുക ഏറെ ദുഷ്കരമാണ്. ശാസ്ത്രം ഈ സാഹചര്യത്തെ വിളിക്കുന്നത് ഡൈമോർഫിസം എന്നാണ്. സിംഹം, മയിൽ, കോഴി തുടങ്ങിയ പല ജീവികൾക്കും ലിംഗഭേദത്തിന്റെ സുവ്യക്തമായ അടയാളങ്ങൾ പ്രകടമാണ് എങ്കിൽ, വംശനാശം സംഭവിച്ചു പോയ പല ജീവിവർഗ്ഗങ്ങൾക്കും അങ്ങനെ ചെയ്യുക ഏറെ ദുഷ്കരമാണ്.

മുൻകാലങ്ങളിൽ ടി റെക്സ് ദിനോസറുകളിൽ നടത്തപ്പെട്ട ചില പഠനങ്ങളിൽ പെൺ ദിനോസറുകൾ ആൺ ദിനോസറുകളെക്കാൾ വലുതാണ് എന്നൊരു അനുമാനം ഉയർന്നു വന്നിരുന്നു എങ്കിലും, അത് പോലും ഇനിയും ഉറപ്പിക്കാറായിട്ടില്ല. എന്നാൽ, ഇതിൽ ഒരു അപവാദമുള്ളത് Confuciusornis എന്ന വർഗ്ഗത്തിൽ പെട്ട, 12.5 കോടി വർഷം പ്രായമുള്ള ദിനോസറുകൾക്ക് ഇന്നുള്ള ചില പക്ഷിവർഗങ്ങളുമായി ലൈംഗികവ്യത്യാസങ്ങളുടെ കാര്യത്തിൽ കാര്യമായ സമാനതകൾ ഉണ്ട് എന്നതാണ്.

1990 കളിൽ ചൈനയിൽ കണ്ടെടുക്കപ്പെട്ട ചില ഫോസിലുകളിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് ഇന്ന് ദിനോസറുകളുമായി എന്തെങ്കിലും ബന്ധമുള്ള ജീവനോടെ അവശേഷിക്കുന്ന ഒരേയൊരു ജീവി വർഗം ചില പക്ഷികൾ മാത്രമാണ് എന്നാണ്. ഈ പക്ഷികൾക്ക്, തങ്ങൾക്ക് നന്നായി കൂടുവെക്കാൻ അറിയാം എന്നു സൂചിപ്പിക്കാൻ വേണ്ടി നിലത്ത് ശക്തിയോടെ മാന്തുന്ന സ്വഭാവമുണ്ട്.

ഇണകളോട് സംവദിക്കാനുള്ള ഇതേ പെരുമാറ്റ രീതിയുടെ തെളിവുകൾ ചില ദിനോസറുകളുടെ കാര്യത്തിലും, പാറകൾക്കു മേൽ ഫോസിൽ പരുവത്തിൽ കണ്ടെടുക്കപ്പെട്ട ചില പോറലുകളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് നമുക്ക് കിട്ടിയിട്ടുണ്ട്. കൊളറാഡോയിലെ ഡക്കോട്ട സാൻഡ് സ്റ്റോൺ പ്രവിശ്യയിൽനിന്ന് ഇത്തരത്തിലുള്ള അറുപതോളം വ്യത്യസ്ത പോറലുകൾ കണ്ടെടുക്കപെട്ടിട്ടുണ്ട്.

ഇത് ചരിത്രാതീത കാലത്ത് ദിനോസർ ഇണകൾ തമ്മിൽ നടത്തിയിരുന്ന 'ഫോർപ്ളേ'യുടെ തെളിവാണ് എന്നും സമാനമായ പെരുമാറ്റം ഇന്നും ജീവനോടുള്ള ചില പക്ഷിവർഗങ്ങളിൽ നമുക്ക് കണ്ടെത്താനാവും എന്നുമാണ് കൊളറാഡോ ഡെൻവർ സർവകലാശാലയിലെ ജിയോളജി എമിരറ്റസ് പ്രൊഫസർ ആയ മാർട്ടിൻ ലോക്ക്ലി സിഎൻഎന്നിനോട് പറഞ്ഞത്. https://edition.cnn.com/2021/09/20/world/dinosaur-sex-lives-scn/index.html

ഈ തെളിവുകൾ ഇണചേരാനുള്ള ത്വരയുമായി ഒരു കൂട്ടം ദിനോസർ ഇണകൾ ഈ മണൽപ്പാറകൾക്കു സമീപം ഒത്തുകൂടിയിരുന്നതിന്റെ സൂചനയാണ് എന്നും അദ്ദേഹം പറഞ്ഞു.

ദിനോസറുകളുടെ രതി എങ്ങനെ?

ദിനോസറുകൾ തമ്മിലുള്ള രതി സത്യത്തിൽ എങ്ങനെ ആയിരുന്നിരിക്കും? ചില ജീവിവർഗ്ഗങ്ങൾക്ക് പല ആവശ്യങ്ങൾക്കായി ശരീരത്തിൽ പല ദ്വാരങ്ങളുണ്ടാവാറുണ്ട് എങ്കിലും, പക്ഷികളും പാമ്പുകളും അടക്കം പലതിനും എല്ലാ ആവശ്യങ്ങൾക്കുമായി ഒരേയൊരു ദ്വാരം മാത്രമാണ് പ്രകൃത്യാ ഉണ്ടാകാറുള്ളത്. ഈ ദ്വാരം അറിയപ്പെടുന്നത് cloaca എന്നാണ്.

ദിനോസറുകളുടെ ലൈംഗിക ശീലങ്ങളെക്കുറിച്ചുള്ള കാര്യമായ ഒരു വഴിത്തിരിവുണ്ടാവുന്നത്, ഇക്കൊല്ലം ആദ്യം ബ്രിസ്റ്റൾ സർവകലാശാലയും മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയും ചേർന്നുകൊണ്ട് ജേർണൽ കറന്റ് ബയോളജി ജേർണലിൽ നടത്തിയ, "തങ്ങൾ ഒരു ലാബ്രഡോറിന്റെ അത്രയും വലിപ്പത്തിലുള്ള Psittacosaurus എന്നയിനത്തിൽപെട്ട ഒരു ദിനോസറിന്റേത് എന്ന് കരുതപ്പെടുന്ന ഒരു cloaca കണ്ടെത്തി" എന്ന വെളിപ്പെടുത്തലാണ്.

പല പക്ഷികളും ഇന്നും ഇണചേരുന്നത് ഈ 'cloaca'കൾ തമ്മിൽ ചേർത്തുരസിക്കൊണ്ടാണ്. ദിനോസറുകളും സെക്സിൽ ഏർപ്പെട്ടിരുന്നത് സമാനമായ രീതിയിൽ തന്നെയാവാനാണ് സാധ്യത എന്നാണ് ചില പാലിയെന്റോളജിസ്റ്റുകൾ പറയുന്നത്.

എന്നാൽ, അതേസമയം, ബ്രിസ്റ്റോൾ സർവകലാശാലയിലെ സ്‌കൂൾ ഓഫ് എർത്ത് സയൻസസിലെ സീനിയർ പാലിയെന്റോളജിസ്റ്റ് ആയ ജേക്കബ് വിന്തർ അനുമാനിക്കുന്നത് Psittacosaurus വർഗ്ഗത്തിൽ പെട്ട ദിനോസറുകൾക്ക് ലിംഗം ഉണ്ടായിരുന്നു എന്നുതന്നെയാണ്. ഈ വർഗ്ഗത്തിൽ പെട്ട ദിനോസറുകൾ തമ്മിൽ ഉള്ളിൽ പ്രവേശിച്ചുകൊണ്ടുള്ള സെക്സ് തന്നെയാവും നടന്നിട്ടുണ്ടാവുക എന്നാണ് അദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായം.

സാമാന്യമായ രീതിയിലുള്ള ഒരു ലൈംഗിക ബന്ധം ദിനോസറുകളിൽ നടന്നിട്ടുണ്ടാവാം എന്നുതന്നെ സുപ്രസിദ്ധ പാലിയെന്റോളജിസ്റ്റ് ആയ ഡീൻ ലോമാക്സ് അടക്കമുള്ളവർ പറയുന്നുണ്ട് എങ്കിലും, അത് എന്ത് പൊസിഷനിൽ എങ്ങനെയാവും നടന്നിട്ടുണ്ടാവുക എന്ന കാര്യത്തിൽ, ദിനോസറുകളുടെ സ്പൈക്കുകൾ നിറഞ്ഞ ശരീരപ്രകൃതി കാരണം, വിരുദ്ധാഭിപ്രായങ്ങൾ ഇന്നും ഗവേഷകർക്കിടയിൽ നിലവിലുണ്ട്.

 

Health
Advertisment