ഗാസയിലെ ആശുപത്രിയിലെ വ്യോമാക്രമണത്തില്‍ പങ്കില്ല, ഹമാസ് ഭീകരരുടെ റോക്കറ്റുകള്‍ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്ന് ഇസ്രയേല്‍

ആക്രമണം തുടങ്ങിയ ശേഷം ഹമാസ് തൊടുത്തുവിട്ട നാനൂറ്റമ്പതോളം  റോക്കറ്റുകളാണ് ലക്ഷ്യം തെറ്റി ഗാസയില്‍ തന്നെ പതിച്ചത്.

New Update
8789

ഗാസ സിറ്റി: സെന്‍ട്രല്‍ ഗാസയിലെ അലി അറബ് ആശുപത്രിക്ക്  നേരെയുണ്ടായ വ്യോമാക്രമണത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ സൈന്യം. അഞ്ഞൂറോളം പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് നേതൃത്വം പുറത്തുവിട്ട റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ജോര്‍ദ്ദാന്‍, തുര്‍ക്കി, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സേനയുടെ വിശദീകരണം.

Advertisment

ഹമാസ് ഭീകരരുടെ റോക്കറ്റുകള്‍ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്നും ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഓപ്പറേഷണല്‍ സംവിധാനങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് പ്രതികരണമെന്നും ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വിശദീകരിച്ചു. പരിശോധനകളില്‍ ഗാസയില്‍ ഹമാസ് ഭീകരര്‍ തൊടുത്തുവിട്ട റോക്കറ്റുകള്‍ ആശുപത്രിക്ക് സമീപത്ത് കൂടി കടന്നുപോയതായി മനസിലാകുന്നുണ്ടെന്നും വ്യക്തമാക്കി. വിവിധ സ്രോതസുകളില്‍ നിന്നുളള രഹസ്യാന്വേഷണ വിവരങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണം തുടങ്ങിയ ശേഷം ഹമാസ് തൊടുത്തുവിട്ട നാനൂറ്റമ്പതോളം  റോക്കറ്റുകളാണ് ലക്ഷ്യം തെറ്റി ഗാസയില്‍ തന്നെ പതിച്ചത്. ഹമാസിന്റെ റോക്കറ്റുകള്‍ ഗാസയില്‍ തന്നെ പതിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളും ലഭ്യമാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നു.

Advertisment