Advertisment

ആഴ്ചകളോളം ആശുപത്രിയില്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍, കൈവിരലുകള്‍ക്കും ചുണ്ടുകള്‍ക്കും കറുത്ത നിറം, ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തില്‍, ഒടുവില്‍ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി ഡോക്ടര്‍മാര്‍; തിലാപ്പിയ മത്സ്യം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍

ശരിയായി വേകാത്ത മത്സ്യത്തില്‍ അടങ്ങിയ ബാക്ടീരിയ ഗുരുതര അണുബാധയ്ക്ക് കാരണമാകുകയായിരുന്നു. 

New Update
fish news

ലോസ് ആഞ്ചലസ്: ഭക്ഷണത്തിലൂടെയുള്ള അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് യുവതിയുടെ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി. 40കാരിയായ ലോറയ്ക്കാണ് തിലാപ്പിയ മത്സ്യത്തില്‍നിന്നു അണുബാധയുണ്ടായി ഗുരുതര സാഹചര്യം നേരിടേണ്ടി വന്നത്. 

Advertisment

 യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സാന്‍ ജോസില്‍ വീടിനടുത്തുള്ള കടയില്‍നിന്നാണ് ലോറ മത്സ്യം വാങ്ങിയത്. യുവതി ഇത് പാചകം ചെയ്തു കഴിക്കുകയും ചെയ്തു. എന്നാല്‍, ശരിയായി വേകാത്ത മത്സ്യത്തില്‍ അടങ്ങിയ ബാക്ടീരിയ ഗുരുതര അണുബാധയ്ക്ക് കാരണമാകുകയായിരുന്നു. 

ചികിത്സ തേടിയ യുവതി ആഴ്ചകളോളം ആശുപത്രിയില്‍ അഡ്മിറ്റാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് ലോറയുടെ ശരീരത്തില്‍ ബാധിച്ചത്. തുടര്‍ന്ന്, ജീവന്‍ രക്ഷിക്കാന്‍ മറ്റ് വഴികളില്ലാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ലോറയുടെ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായി കൈവിരലുകളും ചുണ്ടുകളും കറുത്ത നിറമായി. ഇതോടെ മെഡിക്കല്‍ സഹായത്തോടെ കോമയിലാക്കിയ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നതെന്നും ബാക്ടീരിയ അടങ്ങിയ സമുദ്രവിഭവങ്ങളില്‍നിന്നോ കടല്‍വെള്ളത്തിലൂടെയോ അണുബാധയുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു. 

കടല്‍വെള്ളവുമായി ശരീരസ്രവങ്ങള്‍ നേരിട്ട് സമ്പര്‍ക്കത്തിലായാല്‍ അപകടസാധ്യതയുണ്ട്. തുറന്ന മുറിവുകളിലൂടെയും ബാക്ടീരിയ ഉള്ളില്‍ പ്രവേശിക്കാം. ശരിയായി ഉണങ്ങാത്ത ടാറ്റൂവുമായി കടല്‍വെള്ളത്തില്‍ ഇറങ്ങിയാലും സമുദ്രജലത്തില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെങ്കില്‍ ഇതുവഴി ഇവ ശരീരത്തിലെത്താം. 

പ്രതിവര്‍ഷം ഇത്തരത്തില്‍ 150 മുതല്‍ 200 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും രോഗം പിടിപെടുന്നവരില്‍ അഞ്ചിലൊരാള്‍ മരണപ്പെടാമെന്നും സിഡിസി വ്യക്തമാക്കുന്നു. കടലില്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്ന മുറിവുകളിലൂടെയാണ് പലപ്പോഴും ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ബീച്ചിലെ കക്കകളിലോ മറ്റോ ചവിട്ടുന്നതുവഴിയുണ്ടാകുന്ന മുറിവുകള്‍ ബാക്ടീരിയ ഉള്ളിലെത്തുന്നിനു കാരണമാകാം. 

കൂടാതെ, പാകം ചെയ്യാത്ത മത്സ്യവും മറ്റ് സമുദ്രവിഭവങ്ങളും കഴിക്കുന്നതുവഴിയും അണുബാധയുണ്ടാകാം. പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഇത് ചികിത്സിക്കാന്‍ സാധിക്കുമെങ്കിലും രോഗം ഗുരുതരമായാല്‍ ജീവനുതന്നെ ഭീഷണിയായേക്കാം.

 

Advertisment