ന്യൂയോർക്ക്: ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ നിന്നുള്ള സാമ്പത്തിക സംഭാവനകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ഗ്ളോബൽ ഗേറ്റ് വേ പദ്ധതി നടപ്പാക്കുന്നത്.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും ഉൾപ്പെടുന്ന ടീം യൂറോപ്പാണ് ആമസോണിനെ സംരക്ഷിക്കാൻ രംഗത്തെത്തുക. സ്പെയിൻ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ് എന്നിവ ഇതിനകം 260 മില്യൺ യൂറോ (277 മില്യൺ യുഎസ് ഡോളർ) വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലാറ്റിൻ അമേരിക്കയും പദ്ധതിയുടെ ഭാഗമാകും.ഗ്ലോബൽ ഗേറ്റ്വേ പദ്ധതിക്ക് കീഴിൽ 2027-ഓടെ ലാറ്റിനമേരിക്കയിൽ 45 ബില്യൺ യൂറോ നിക്ഷേപിക്കുമെന്നും ഈയൂ അറിയിച്ചു. മഴക്കാടുകൾക്ക് പുറമെ ഉഷ്ണമേഖലാ കാടുകളും സംരക്ഷിക്കും.
വനനശീകരണത്തിൻ്റെ തോത് കുറയ്ക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനം തടയുക, കാർബൺഡൈ ഓക്സൈഡ് നിയന്ത്രിക്കുക തുടങ്ങി വൻ കിട പദ്ധതികളാണ് ആമസോൺ സംരക്ഷണത്തിലൂടെ വിഭാവനം ചെയ്യുന്നത്.