/sathyam/media/media_files/qpKJVOHkmfEX1bIJlmdm.jpg)
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഴവൂർ പെരുന്താനം കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീര ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.
മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണ് പരിശോധിച്ചത്. രക്തസ്രാവം നിയന്ത്രിക്കാനായി എന്ന് ഡോക്ടേഴ്സ് അറിയിച്ചു. ശ്വാസകോശത്തിന് വീക്കം സംഭവിച്ചിട്ടുണ്ട്. ശ്വസനത്തിന് പ്രയാസം നേരിടുന്നതിനാൽ കൃത്രിമ ശ്വാസോച്ഛാസം നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. അമൽ പോലീസിനോട് കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.