Advertisment

ലിബിയയിലെ മിന്നല്‍പ്രളയം; മരണം 20000 കടന്നേക്കുമെന്ന് ഡെര്‍ണ മേയര്‍; പതിനായിരത്തോളം പേരെ കാണാതായി

ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് ഗ്രീസില്‍ ഉത്ഭവിച്ച ഡാനിയേല്‍ കൊടുംകാറ്റ് ലിബിയയില്‍ ആഞ്ഞടിച്ചത്.

New Update
libiya death

ട്രിപ്പോളി : മിന്നല്‍ പ്രളയത്തില്‍ തകര്‍ത്തെറിയപ്പെട്ട ലിബിയയില്‍ മരണ സംഖ്യ 20000 കടന്നേക്കുമെന്ന് ഡെര്‍ണ മേയര്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ട് ഡാമുകള്‍ തകരുകയും ഇത് ചില നഗരങ്ങള്‍ തന്നെ കടലിലേക്ക് ഒഴുകി പോകാന്‍ കാരണമാവുകയും ചെയ്തു. ഇതാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് ഡെര്‍ണ മേയര്‍ അബ്ദുല്‍മേനം അല്‍-ഗൈതി പറഞ്ഞു.

Advertisment

‘എത്ര നഗരങ്ങള്‍ നശിക്കപ്പെട്ടു എന്നതിന്റെ കണക്കുകള്‍ പുറത്ത് വരുന്നതേ ഉള്ളൂ. നിലവില്‍ മരണ സംഖ്യ 18000 ത്തിനും 20000 ത്തിനും ഇടയലാകാനാണ് സാധ്യത. പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്’, അബ്ദുല്‍മേനം അല്‍-ഗൈതി വ്യക്തമാക്കി. ബുധനാഴ്ച സൗദി മാദ്ധ്യമമായ അല്‍-അറബിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് മേയര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് ഗ്രീസില്‍ ഉത്ഭവിച്ച ഡാനിയേല്‍ കൊടുംകാറ്റ് ലിബിയയില്‍ ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ലിബിയയുടെ തീര ദേശ നഗരമായ ഡെര്‍ണയിലെ രണ്ട് ഡാമുകള്‍ തകരുകയും ചെയ്തു. കിഴക്കന്‍ ലിബിയയിലെ ഗ്രീന്‍ പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന ഡാമുകളില്‍ നിന്നുള്ള വെള്ളം ഡെര്‍ണ നഗരത്തിലേക്ക് എത്തുകയും നഗരമടക്കം കടലിലേക്ക് ഒഴുകി പോകുകയുമായിരുന്നു.

നിലവില്‍ ഡെര്‍ണയില്‍ മരിച്ചവരുടെ എണ്ണം 11,300 ആയി ഉയര്‍ന്നിട്ടുണ്ട്. ഇനിയും പതിനായിരക്കണക്കിന് ആളുകളെയാണ് കണ്ടെത്താനുള്ളത്. പ്രളയ ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം, ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

libiya
Advertisment