Advertisment

സ്ത്രീകള്‍ക്ക്‌ ഹിജാബും അയഞ്ഞ വസ്ത്രവും നിർബന്ധമാക്കി ഇറാൻ; 'ഉചിതമല്ലാത്ത' വസ്ത്രം ധരിക്കുന്നവർക്ക് പത്ത് വർഷം കഠിന തടവും പിഴയുമെന്ന വിവാദ ബിൽ പാർലമെന്റ് പാസാക്കി

ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.

New Update
hijab issue iran

നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ അലയടികൾ അവസാനിക്കും മുൻപേ കർശന വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ പാസാക്കി ഇറാൻ പാർലമെന്റ്. ‘ഉചിതമല്ലാത്ത’ വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിക്കുന്നതാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ല്. വിചാരണ മൂന്ന് വർഷം വരെ നീളാമെന്നും ബില്ലിലുണ്ട്.

Advertisment

ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ഭരണകൂടത്തിന്റെ ഈ നീക്കം.

നിയമപ്രകാരമല്ലാത്ത വസ്ത്രം പൊതുസ്ഥലങ്ങളിൽ ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ ‘ഹിജാബ്, സദാചാര’ ബില്ലില്‍ പറയുന്നു. നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും.

സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു. വനിതാ ഡ്രൈവർമാരുള്ള വാഹനങ്ങളിൽ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കിൽ, വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താമെന്നും ബിൽ നിർദേശിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഘടിതമായ രീതിയിലോ വിദേശ സർക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ ഡ്രസ് കോഡ് ലംഘിക്കുന്ന ആരെയും അഞ്ച് മുതൽ 10 വർഷം വരെ തടവിന് ശിക്ഷിക്കാം.

പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി ബിൽ അയയ്ക്കും. ഗാർഡിയൻ കൗണ്സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ, ബിൽ നിയമമാകും. എന്നാൽ, ബിൽ സ്ത്രീകളെയും പെൺകുട്ടികളെയും പൂർണ്ണമായും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ രംഗത്തെത്തിയിരുന്നു.

നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനം അടിച്ചമർത്തലിനുപരി അക്രമാസക്തമായ നടപ്പാക്കൽ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവർ പറയുന്നു. സാംസ്കാരികമായ അവകാശം, ലിംഗവിവേചന നിരോധനം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളും ബിൽ ലംഘിക്കുന്നതായി അവർ അഭിപ്രായപ്പെട്ടു.

iran hijab
Advertisment