ബീജിങ്: വീട്ടിലിരിക്കാനും കുടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ചൈനയിലെ സ്ത്രീകളെ ഉപദേശിച്ച് ദേശീയ വനിതാ കോൺഗ്രസ്. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളർത്തിയെടുക്കണമെന്ന് യോഗത്തിൽ പ്രസംഗിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പറഞ്ഞു. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവ സമൂഹത്തെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന വനിതാ കോൺഗ്രസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ വനിതാ കോൺഗ്രസിൽ ലിംഗ സമത്വത്തെ നിസ്സാരവത്കരിച്ചുകൊണ്ടാണ് നേതാക്കൾ സംസാരിച്ചത്. വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ലക്ഷ്യത്തിനാണ് കോൺഗ്രസിൽ നേതാക്കന്മാർ ഊന്നൽ നൽകിയത്.